ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം ഒഴിവാക്കുന്നതിന് സൈനിക- നയതന്ത്ര തലങ്ങളിൽ ചർച്ച നടക്കുന്നുണ്ടെന്നും പുറത്തുള്ളവരുടെ സഹായം വേണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഒരു സാഹചര്യത്തിലും ഇന്ത്യയുടെ അഭിമാനം വ്രണപ്പെടുത്തിയുളള നടപടി സ്വീകരിക്കില്ല.
പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യക്കും ചൈനക്കുമിടയിൽ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടെന്നും രാജ്നാഥ് യു.എസ് പ്രതിരോധസെക്രട്ടറി മാർക്ക് ടി.എസ്പെറിനോട് ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ഇന്ത്യൻ- ചൈനീസ് സൈന്യം തമ്മിൽ സംഘർഷമുണ്ടായപ്പോൾ മധ്യസ്ഥത വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസവും ട്രംപ് വാഗ്ദാനം ആവർത്തിച്ചു. വിദേശകാര്യ മന്ത്രാലയം പരോക്ഷമായി ട്രംപിെൻറ വാഗ്ദാനം നിരസിച്ചിരുന്നു. എന്നാൽ, അമേരിക്കൻ ഇടപെടൽ ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിക്കുന്നത് ആദ്യമാണ്.
‘കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. അയൽരാജ്യങ്ങളുമായി എപ്പോഴും ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നയതന്ത്ര ചർച്ചകളിലൂടെ അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ൈചനയുടെയും ആഗ്രഹം’ രാജ്നാഥ് പറഞ്ഞു.
പങോങ്, ഗാൽവൻ വാലി, ഡെംചോക്ക്, ദൗലത് ബേഗ് ഓൾഡി എന്നീ പ്രദേശങ്ങളിലാണ് മൂന്ന് ആഴ്ചയായി ഇന്ത്യ- ചൈന സേനകൾ തമ്മിൽ ഉരസൽ നടക്കുന്നത്. പങോങ് തടാകത്തിന് സമീപത്തെ ഫിംഗർ പ്രദേശത്ത് ഇന്ത്യ റോഡ് നിർമിച്ചതിനെ ചൈന എതിർക്കുകയാണ്. നേരത്തേ ഫിംഗർ പ്രദേശത്ത് ചൈന റോഡ് നിർമിച്ചിരുന്നു. ഇത് ഇന്ത്യ അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.