ഗോലാഘട്ട് (അസം): ഗോലാഘട്ട് ജില്ലയിൽ 1500 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. 1500 ഹെക്ടർ വനഭൂമിയിൽനിന്നാണ് ഒഴിപ്പിക്കൽ രണ്ടാം ദിവസവും തുടർന്നത്. ഈ പ്രക്രിയ പൂർത്തിയായാൽ, കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുടിയിറക്കുന്നവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, കുടിയൊഴിപ്പിക്കലിന്റെ യുക്തിയെ പല കുടുംബങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. നാഗ അധിനിവേശം തടയാനും പ്രദേശം സംരക്ഷിക്കാനുമാണ് മുൻ സർക്കാറുകൾ തങ്ങളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
അസമിന്റെ 83,000 ഹെക്ടർ ഭൂമി നാല് അയൽ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തിയ കാര്യം മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തിയ കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. അസമിന്റെ ഏറ്റവും കൂടുതൽ ഭൂമി പിടിച്ചെടുത്തത് നാഗാലാൻഡാണ്-59,490.21 ഹെക്ടർ. അര നൂറ്റാണ്ടും അതിലേറെയുമായി ഇവിടെ കഴിഞ്ഞവരേയാണ് കുടിയിറക്കുന്നത്. തങ്ങൾ എവിടെ പോകുമെന്ന ചോദ്യത്തിന് ഭരണകൂടത്തിന് ഉത്തരമില്ല. ബംഗ്ലാദേശികളെന്ന മുദ്രകുത്തിയാണ് കുടിയൊഴിക്കുന്നത്. ഇക്കാലമത്രയും ബംഗ്ലാദേശികൾക്കാണോ സർക്കാർ അടിസ്ഥാന സൗകര്യമൊരുക്കിയിരുന്നത് എന്ന ചോദ്യത്തിന് സർക്കാർ ഉദ്യോഗസ്ഥർക്കും മറുപടിയില്ല- കുടിയിറക്കപ്പെട്ടവർ പറഞ്ഞു.
അതിനിടെ, സർക്കാർ നിർമിച്ച പല കെട്ടിടങ്ങളും പൊളിക്കാതെ സംരക്ഷിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ക്യാമ്പുകളാക്കലാണ് ലക്ഷ്യം. സരുപതർ സബ് ഡിവിഷനിലെ അസം-നാഗാലാൻഡ് അതിർത്തിയിലുള്ള ഉരിയാംഘട്ടിലെ റെംഗ്മ റിസർവ് വനത്തിലെ ഏകദേശം 1500 ഹെക്ടറിലെ വാസസ്ഥലങ്ങൾ പൊളിച്ചുനീക്കൽ ചൊവ്വാഴ്ചയാണ് തുടങ്ങിയത്. ബുധനാഴ്ച സോനാരി ബീലിലും പിതാഘട്ട് പ്രദേശത്തും രാവിലെ ഒമ്പതു മുതൽ ഒഴിപ്പിക്കൽ തുടങ്ങി. സമാധാനപരമായാണ് പൊളിച്ചുനീക്കൽ പുരോഗമിക്കുന്നതെന്ന് ജില്ല ഭരണകൂടം പ്രതികരിച്ചു.
ഈ പ്രദേശം കൈയേറിയതാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശവാസികളെ ഇവിടെ കുടിയിരുത്തിയതാണെന്ന് ചില ഉദ്യോഗസ്ഥൻ സമ്മതിച്ചു. അതിന് തെളിവായി പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (പി.എം.എ.വൈ-ജി) പ്രകാരം വീടുകളും ജൽ ജീവൻ മിഷൻ പ്രകാരം ജല കണക്ഷനും ഉള്ളകാര്യം ഉദ്യോഗസ്ഥർ ശരിവെച്ചു. സർവ ശിക്ഷാ അഭിയാൻ പ്രകാരം സർക്കാർ സ്കൂളുകൾ, ദേശീയ ആരോഗ്യ ദൗത്യം പ്രകാരം ഉപ-ആരോഗ്യ കേന്ദ്രം, മാർക്കറ്റുകൾ, മദ്റസകൾ, മുസ്ലിം -ക്രിസ്ത്യൻ പള്ളികൾ എന്നിവക്ക് പുറമെ, മിക്കവാറും എല്ലാ വീടുകളിലേക്കും വൈദ്യുതി കണക്ഷനും ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച, ബിദ്യാപുർ പ്രദേശത്തെ മാർക്കറ്റ് ഏരിയയിൽനിന്നാണ് പ്രധാന കുടിയൊഴിപ്പിക്കൽ നീക്കം ആരംഭിച്ചത്. തുടർന്ന് താമസ സ്ഥലങ്ങളും പൊളിച്ചുനീക്കിത്തുടങ്ങി. 4.2 ഹെക്ടർ വനഭൂമിയിലായി വ്യാപിച്ചുകിടക്കുന്ന 120ഓളം ‘അനധികൃത’ വാണിജ്യ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി.
ഗോലാഘട്ട് ജില്ല ഭരണകൂടത്തിന്റെയും അസം പോലീസിന്റെയും പിന്തുണയോടെ, നാഗാലാൻഡ് സർക്കാറിനെയും പൊലീസിനെയും ഏകോപിപ്പിച്ച് വനം വകുപ്പാണ് കുടിയിറക്കലിന് നേതൃത്വം നൽകുന്നത്. വലിയൊരു നിര സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പ്രതിഷേധങ്ങൾപോലും ഉയരാത്തവിധമുള്ള കുടിയിറക്കലാണ് ഭരണകൂടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.