ദിഗ്‍വിജയ സിങ്
പട്ന: 14 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ സിങ്ങിനെ ബിഹാറിലെ വൈശാലി കോടതി കുറ്റവിമുക്തനാക്കി. അന്തിമ വാദം കേട്ടശേഷം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിമന്യു കുമാറാണ് വിധി പ്രസ്താവിച്ചത്.
2012ൽ ബാബാ രാംദേവിനെ കുറിച്ച് ദിഗ്‍വിജയ സിങ് നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. രാംദേവിനെതിരായ പരാമർശങ്ങളിൽ ഹാജിപൂരിലെ ബി.ജെ.പി നേതാവ് അജിത് കുമാർ സിങ് അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. ബാബ രാംദേവിനെതിരെ ദിഗ്‌വിജയ സിങ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു. പൊതുസമ്മേളനത്തിൽ നടത്തിയ പ്രസ്താവന രാംദേവിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയെന്നായിരുന്നു പരാതിയിലെ ആരോപണം.
ഡൽഹിയിലെ രാംലീല മൈതാനിയിൽ അഴിമതി വിരുദ്ധ നിരാഹാര സമരം നടത്തിയ ബാബ രാംദേവിനെ അർധരാത്രിയിൽ ഡൽഹി പൊലീസ് പുറത്താക്കിയതിന് പിന്നാലെയാണ് ദിഗ്‍വിജയ സിങ് പരാമർശങ്ങൾ നടത്തിയതെന്നായിരുന്നു ആരോപണം. അന്തിമ വിചാരണയിൽ ദിഗ്‍വിജയ സിങ് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരായത്. ഇരുപക്ഷത്തിന്റെയും വാദം പൂർത്തിയായതിന് പിന്നാലെ കോടതി തെളിവുകളും രേഖകളും പരിശോധിച്ചശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.