മമതയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല: പരീക്കർ

ന്യൂഡൽഹി: ബംഗാളിലെ ടോൾബൂത്തുകളിൽ സൈന്യത്തിന്‍റെ സാന്നിധ്യത്തെ തുടർന്നുണ്ടായ വിവാദങ്ങൾ തനിക്ക് അതീവ ദുഃഖമുണ്ടാക്കിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. താങ്കളെപ്പോലെ അറിവും പൊതുരംഗത്ത് പരിചയവുമുള്ള ഒരാളിൽ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷില്ല എന്നും മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ കത്തിൽ പരീക്കർ വ്യക്തമാക്കി. ആരോപണങ്ങൾ സൈന്യത്തിന്‍റെ മനോവീര്യം കെടുത്തുന്നതാണെന്നും പരീക്കർ കത്തിൽ പറയുന്നു.

സംഭവത്തിന്‍റെ നിജസ്ഥിതി സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചാൽ വ്യക്തമാകുമെന്ന് പരീക്കർ കത്തിൽ വ്യക്തമാക്കുന്നു. പരിശോധനാ സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളടക്കം സൈന്യവും സംസ്ഥാന സർക്കാരും തമ്മിൽ  ആശയ വിനിമയം നടത്തിയിരുന്നു.

രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയക്കാരും പലപ്പോഴും ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുപോലും പരസ്പരം ചെളിവാരിയെറിയാറുണ്ട്. എന്നാൽ, സൈന്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ കുറേക്കൂടി ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.

സംസ്ഥാന സർക്കാറിനോട് ആലോചിക്കാതെയാണ് സൈന്യം ടോൾ ബൂത്തുകളിൽ നിലയുറപ്പിച്ചതെന്നും നോട്ടു പിൻവലിക്കൽ വിഷയത്തിൽ പ്രതിഷേധിച്ചതിന് കേന്ദ്രസർക്കാറിന് തന്നോടുള്ള പ്രതികാരമായിരുന്നു ഈ പ്രവൃത്തിയെന്നും ആരോപിച്ചായിരുന്നു കഴിഞ്ഞ ആഴ്ച മമത ബാനർജി സെക്രട്ടേറിയേറ്റിൽ നിന്നും പുറത്തിറങ്ങാതെ സമരം ചെയ്തത്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കാറുള്ള പതിവു പരിശോധനയുടെ ഭാഗം മാത്രമാണിതെന്നായിരുന്നു കേന്ദ്രസർക്കാറിന്‍റെ വാദം.

Tags:    
News Summary - Didn't Expect It From you: Manohar Parrikar's letter To Mamata Banerjee On Army Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.