ലഖ്നോ: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളക്കിടെ കിന്നർ അഖാരയിലെ മഹാമണ്ഡലേശ്വരായി മുൻ ബോളിവുഡ് നടി മംമ്ത കുൽക്കർണിയെ നിയമിച്ചതിനെതിരെ വിമർശനവുമായി ബാഗേശ്വർ ധാമിലെ പീതാധീശ്വർ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി. യഥാർത്ഥ സന്യാസി ചൈതന്യമുള്ളവർക്ക് മാത്രമേ ഇത്തരം പദവികൾ നൽകാവൂ എന്നും ശാസ്ത്രി പറഞ്ഞു.
ബാഹ്യ സ്വാധീനത്തിൽ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കും? തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാൻ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി കൂട്ടുചേർത്തു. സീ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഥാവച്ചക് ജഗത്ഗുരു ഹിമാംഗി സഖി മായും മമ്ത കുൽക്കർണിയുടെ മഹാമണ്ഡലേശ്വരാക്കിയ തീരുമാനത്തെ വിമർശിച്ചിരുന്നു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പടെയുള്ള കുൽക്കർണി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ഹിമാംഗി സഖി മായും ആരോപിച്ചിരുന്നു.
അതേസമയം ഇത് മഹാദേവന്റെയും മഹാകാളിയുടെയും തന്റെ ഗുരുവിന്റെയും കല്പനയായിരുന്നുവെന്ന് കുൽക്കർണി പറഞ്ഞു.
വെള്ളിയാഴ്ചയാണ് കിന്നാർ അഖാരയിലെത്തിയ കുൽക്കർണി ആചാര്യ മഹാമണ്ഡലേശ്വർ ഡോ. ലക്ഷ്മി നാരായൺ ത്രിപാഠിയെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. തുടർന്ന് മഹാമണ്ഡലേശ്വർ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ കുൽക്കർണി സന്യാസ ജീവിതത്തിന് തുടക്കമിട്ടു. മമ്ത കുൽക്കർണി എന്ന പേരിനുപകരം ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.