മുൻ കർണാടക മുഖ്യമന്ത്രി  എൻ. ധരംസിങ് അന്തരിച്ചു

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. ധരംസിങ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്തി​െൻറ 17ാമത്തെ മുഖ്യമന്ത്രിയാണ്. തുടർച്ചയായി ഏഴു തവണ നിയമസഭയിലേക്കും രണ്ടുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സർക്കാർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

കലബുറഗി ജില്ലയിലെ നിലോഗി ഗ്രാമത്തിൽ നാരായൺ സിങ്^പത്മാവതി ദമ്പതികളുടെ മകനായി 1936 ഡിസംബർ 25നായിരുന്നു ജനനം. ജില്ലയിലെ വിവിധ സ്കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. 1958ൽ ഗോവ ലിബറേഷൻ മൂവ്മ​െൻറിലൂടെയായിരുന്നു രാഷ്​ട്രീയ പ്രവേശനം. 1968ൽ ഷഹബസാറിൽനിന്ന് കലബുറഗി മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 2004 വരെ തുടർച്ചയായ ഏഴു വർഷം ജെവർഗി മണ്ഡലത്തെ പ്രതിനിധാനംചെയ്​ത്​ നിയമസഭയിലെത്തി.

1980ൽ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെ​െട്ടങ്കിലും ​അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആവശ്യ​പ്രകാരം രാജിവെച്ചു. കേന്ദ്രമന്ത്രിയായിരുന്ന സി.എം. സ്​റ്റീഫനെ വീണ്ടും ലോക്​സഭയിലേക്ക്​ എത്തിക്കുന്നതിനാണ്​ സ്​ഥാനമൊഴിഞ്ഞത്​. അതേവർഷം ധരംസിങ്​ സംസ്​ഥാന മന്ത്രിയായി. ദേവരാജ് അർസ്, ആർ. ഗുണ്ടുറാവു, എസ്. ബംഗാരപ്പ, എം. വീരപ്പ മൊയ്​ലി, എസ്.എം. കൃഷ്ണ സർക്കാറുകളിൽ ആഭ്യന്തരം, എക്സൈസ്, സാമൂഹികക്ഷേമം, നഗരവികസനം, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ ചുമതല വഹിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചു. 

2004 മേയിൽ കോൺഗ്രസ്^ജനതാദൾ^എസ് കൂട്ടുകക്ഷി സർക്കാറിൽ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. 20 മാസത്തിനുശേഷം ഫെബ്രുവരി 2006ൽ ജനതാദൾ പിന്തുണ പിൻവലിച്ചതോടെ സർക്കാർ നിലംപൊത്തി. 2009ൽ ബീദറിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭഗവന്ത് ഖുബയോട് പരാജയപ്പെട്ടു. ആരോഗ്യകാരണങ്ങളെ തുടർന്ന് വർഷങ്ങളായി രാഷ്​ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: വിജയ് സിങ് (ബീദർ എം.എൽ.സി), അജയ് സിങ് (ജെവർഗി എം.എൽ.എ), പ്രിയദർശിനി.

Tags:    
News Summary - Dharam Singh, former Karnataka CM, passes away-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.