മുംബൈ: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ രാജിവെച്ചു. ബീഡില്‍ ഒരു സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അടുത്ത സഹായിയായ എന്‍.സി.പി. നേതാവ് വാല്‍മീക് കാരാഡ് പിടിയിലായതിന് പിന്നാലെയാണ് മുണ്ടെ രാജിവെച്ചത്.
മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ട കേസിലാണ് വാല്‍മീക് കാരാഡ് അറസ്റ്റിലായത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഡിസംബറില്‍ കാരാഡ് കീഴടങ്ങിയത്. തിങ്കാലാഴ്ച രാത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മുണ്ടെ രാജി പ്രഖ്യാപിച്ചത്.
മുണ്ടെ രാജി സമര്‍പ്പിച്ചതായും താന്‍ അത് അംഗീകരിച്ചതായും മറ്റ് നടപടിക്രമങ്ങള്‍ക്കായി ഗവര്‍ണര്‍ക്ക് കൈമാറിയെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് ധനഞ്ജയ് മുണ്ടെയുടെ വിശദീകരണം.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന മുണ്ടെ ബീഡ് ജില്ലയിലെ പര്‍ളി മണ്ഡലത്തില്‍ നിന്നുള്ള എം.എൽ.എയാണ്. അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് 47കാരനായ ഇദ്ദേഹം.
കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനാണ് സന്തോഷ് ദേശ്മുഖിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. ബീഡിലെ പ്രമുഖ ഊര്‍ജ കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് കോടിരൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതിനാണ് തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ധനഞ്ജയ് മുണ്ടെക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.