ന്യൂഡൽഹി: ഡൽഹിയിലെ ജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനശക്തിയാണ് പരമപ്രധാനമാണെന്ന് മോദി വിജയത്തിന് പിന്നാലെ എക്സിലെ കുറിപ്പിൽ പറഞ്ഞു. വികസനവും നല്ല ഭരണവുമാണ് അന്തിമമായി വിജയിക്കുകയെന്നും മോദി പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ തലകുനിക്കുകയാണ്. ബി.ജെ.പിക്ക് ചരിത്രവിജയമാണ് അവർ സമ്മാനിച്ചത്. ഈ വിജയം ഞങ്ങളെ കൂടുതൽ ലാളിത്യമുള്ളവരാക്കുന്നു. ജനങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയെ വികസിപ്പിക്കാനുള്ള ഒരവസരവും തങ്ങൾ പാഴാക്കില്ല. ഡൽഹിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. വികസിത ഭാരത സൃഷ്ടിയിൽ ഡൽഹിക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നുണയുടെ ഭരണം അവസാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.
നുണകളുടെ കൊട്ടാരം തകർക്കപ്പെട്ടിരിക്കുന്നു. ഡൽഹി വ്യാജ വാഗ്ദാനങ്ങൾ നൽകുന്നുവരെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരുടെ ഗതിയെന്താവുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഡൽഹി തെരഞ്ഞെടുപ്പെന്നും അമിത് ഷാ പറഞ്ഞു. അഹങ്കാരത്തിന്റേയും അരാജകത്വത്തിന്റേയും അന്ത്യമാണ് ഡൽഹിയിൽ ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടിയിൽ ഡൽഹിയിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലിനമായ യമുന നദി, മലിനജലം, തകർന്ന റോഡുകൾ, നിറഞ്ഞു കവിഞ്ഞ അഴുക്കുചാലുകൾ എന്നിവക്കെതിരെയാണ് ഡൽഹിയിലെ ജനങ്ങൾ വോട്ട് ചെയ്തത്. സ്ത്രീ സുരക്ഷയിലും സാധാരണ ജനങ്ങളുടെ ആത്മാഭിമാനത്തിലും സ്വയംതൊഴിലിന്റെ അനന്ത സാധ്യതകളിലും ഡൽഹി ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനമായി ഡൽഹി മാറുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.