പരാതിക്കാരനെ കള്ളക്കേസിൽ കുടുക്കി: 14 പൊലീസുകാർക്കെതിരെ അന്വേഷണം

കാൻപൂർ: ദലിത് യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന 14 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. കേസിൽ ബാറ എസ്.എച്ച.ഒയുടേയും ഗോവിന്ദ് നഗർ എ.സി.പിയുടേയും പങ്ക് അന്വേഷിക്കും.

തന്റെ വീട് ചിലർ അന്യായമായി കൈവശപ്പെടുത്തിയെന്ന് കാൻപൂർ ബാറയിലെ ദലിത് യുവാവായ മഹാദേവ് നൽകിയ പരാതിയിലാണ് പൊലീസുകാർ ഒത്തുകളിച്ച് വാദിയെ പ്രതിയാക്കിയത്. വീട് കൈക്കലാക്കിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന സൗത്ത് എ.ഡി.സി.പി മനീഷ് സോൻകറിനാണ് പുതിയ കേസിന്റെ ചുമതല. സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മഹാദേവിനേയും കുടുംബത്തേയും ഉംറാവു എന്ന പ്രദേശവാസിയും ചില പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം ആക്രമിച്ചിരുന്നു. സ്വത്ത് തർക്കം ആരോപിച്ച് മഹാദേവിന്‍റെ വീട് സംഘം കൈവശപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ മഹാദേവിന്‍റെ മകൾക്ക് തലക്ക് പരിക്കേറ്റിരുന്നു. മഹാദേവി​ന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉംറാവിനെതിരെ എസ്.സി‍/എസ്.ടി ആക്ട് പ്രകാരവും കവർച്ചാകുറ്റത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ ഗോവിന്ദ് നഗർ എ.സി.പി എഫ്.ഐ.ആറിൽ നിന്നും കവർച്ചാക്കുറ്റം ഒഴിവാക്കുകയും പരാതിക്കാരനായ മഹാദേവിനെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങളടക്കം പ്രതിക്കെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കേയാണ് എ.സി.പി കുറ്റം ഒഴിവാക്കിയത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    
News Summary - Departmental inquiry ordered against 14 policemen for implicating Dalit man in false case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.