ബംഗളൂരു: ശിരോവസ്ത്ര വിഷയത്തിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിച്ചില്ല. ഇതോടെ ചൊവ്വാഴ്ചയും പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ മടങ്ങി.
അതേസമയം, ഉഡുപ്പി കൗപിലെ ഫക്കീരകട്ടെയിലെ ഗവ. കോമ്പോസിറ്റ് ഉർദു ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയവരെ പ്രതിഷേധത്തിനൊടുവിൽ പരീക്ഷ എഴുതാൻ അനുവദിച്ചു. കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, തുമകുരു തുടങ്ങിയ സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിച്ച വിദ്യാർഥികളെ സ്കൂളുകളിൽ തടഞ്ഞതോടെ രക്ഷിതാക്കൾ പ്രതിഷേധിച്ചെങ്കിലും നിരവധി വിദ്യാർഥികളെ വീടുകളിലേക്ക് മടക്കിയയച്ചു. പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച ചിക്കമഗളൂരുവിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന സമിതി നിശ്ചയിച്ചിട്ടുള്ള യൂനിഫോം ബാധകമായ സ്ഥലങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകില്ലെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കിയതോടെയാണ് സ്കൂൾ തുറന്നശേഷം തുടർച്ചയായ രണ്ടാം ദിവസവും വിദ്യാഭ്യാസ നിഷേധമുണ്ടായത്. അതേസമയം, ബുധനാഴ്ച മുതൽ കർണാടകയിലെ പ്രീ യൂനിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.