ഡെൽഹി: ഡെൽഹിയുടെ അഭിമാനസ്തംഭമായ ചെങ്കോട്ട നഗരത്തിലെ അനിയന്ത്രിതമായ മലിനീകരണത്താൽ തകരുന്നതായി പഠന റിപ്പോർട്ട്. മനോഹരമായ ചെങ്കല്ലിൽ പ്രൗഢമായ ശില്പ ചാരുതയാൽ നിർമിച്ചെടുത്ത ചെങ്കോട്ടയുടെ പുറംപാളി മലിനീകരണത്തിന്റെ ഭാഗമായി അടർന്നടർന്നു പോവുകയാണ്.
ചെങ്കല്ലിൽ സൂക്ഷ്മങ്ങളായി നിർമിച്ചെടുത്ത കൊത്തു പണികളുടെ പല ഭാഗങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടുകഴിഞ്ഞു. 17ാം നൂറ്റാണ്ടിൽ നിർമിച്ച ഈ ചരിത്രസ്മാരകത്തിൽ അന്തരീക്ഷമലിനീകരണം കൊണ്ടുണ്ടാകുന്ന തകർച്ച സംബന്ധിച്ച് നടക്കുന്ന ആദ്യത്തെ പഠനമാണിത്.
ചുവന്ന ചുണ്ണാമ്പ് കല്ലും അതിലുണ്ടാകുന്ന കറുത്ത പാളിയും അന്തരീക്ഷ മലിനീകരണം വഴി ചെങ്കോട്ടക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളും എന്ന ഗവേഷണ പഠനം ഇത്തരത്തിൽ ആദ്യമാണ്.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വിഭാഗം നടത്തിയ പഠനം ഹെറിറ്റേജ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, വെനീസിലെ കാ ഫോസ്കാരി യൂനിവേഴിസിറ്റി, ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി കാൺപൂർ എന്നിവർ ചേർന്നാണ് ഈ പഠനം നടത്തിയത്.
ചെങ്കല്ലിൽ വന്നടിഞ്ഞ് പുറം തോട് പോലെയാകുന്ന കെമിക്കൽ വസ്തുക്കൾ ചെങ്കോട്ടയുടെ സംരക്ഷണത്തെ ബാധിക്കുന്നുണ്ടോ എന്നതായിരുന്നു ഇവരുടെ ഗവേഷണ വിഷയം.
ഇത്തരത്തിലുള്ള പാരമ്പര്യ നിർമിതികളിൽ ഇങ്ങനെ അടിഞ്ഞുകൂടുന്ന കെമിക്കൽ സംയുക്തങ്ങൾ ഭീഷണിയാകാറുണ്ട്. കെട്ടിടങ്ങളുടെ പുറംമതിലിൻ ഇത്തരം വസ്തുക്കൾ ധാരാളമായി കാണാറുണ്ട്.
ചെങ്കൊട്ടയുടെ പുറം ഭിത്തികളിൽ ഇത്തരത്തിലുള്ള കെമിക്കൽ വസ്തുക്കളുടെ വലിയ ശേഖരമാണ് ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞത്. ഇത് വാഹനങ്ങളുടെ പുകയിൽ നിന്ന് അടിഞ്ഞ് കൂടിയതാണെന്നാണ് കണ്ടെത്തിയത്.
ജിപ്സം, ബാസനൈറ്റ്, വെള്ളാരങ്കല്ല്, മൈക്രൊ ക്ലൈൻ എന്ന അഗ്നിപാറ എന്നിവയാണ് ഇത്തരത്തിൽ പുറത്തു നിന്ന് അടിഞ്ഞ് കൂടുന്നത്. ജിപ്സം പിന്നീട് സിമൻറ് ഫാക്ടറികളിൽ നിന്ന് പുറത്തു പോകുന്ന വിഷവാതകത്തിന്റെ സ്വഭാവത്തിലേക്ക് മാറുന്നതായി പഠനം പറയുന്നു.
കാലാകാലങ്ങളിൽ നടക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ കണക്കുകൾ വച്ച് ഇവിടെ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്ന് ഇവർ മുന്നറിയിപ്പ് തരുന്നു.
ഇത്തരത്തിലുള്ള അടിഞ്ഞു കൂടലുകൾ നേരത്തേ തന്നെ കണ്ടെത്തി നിർമാർജനം ചെയ്യണ്ടതാണെന്നും പഠനം പറയുന്നു. കൃത്യമായ മെയിന്റനൻസ് നടത്തേണ്ടതുണ്ടെന്നും ചെങ്കല്ല് സംരക്ഷണ ലേപനങ്ങൾ ഉപയോഗികേണ്ടതുണ്ടെന്നും പഠനം പറയുന്നു.
ഇവിടത്തെ മലിനീകരണം ദേശീയതലത്തിൽ വായുവിന്റെ മാനദണ്ഡമാനകങ്ങളെക്കാൾ വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ടയുടെ നിറം വളരെയധികം മങ്ങിയിട്ടുണ്ടെന്നും പഠനം കണ്ടെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.