സ്വാമി ചൈതന്യാനന്ദ സരസ്വതി 

സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി 17 വിദ്യാർഥിനികൾ; കാറിൽ വ്യാജ എംബസി നമ്പർ പ്ളേറ്റുകൾ, വലവിരിച്ച് പൊലീസ്

ന്യൂഡൽഹി: വിദ്യാർഥികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബിസിനസ് കോളജ് മേധാവിയായ സന്യാസിക്കെതിരെ കേസ്. ഡൽഹി വസന്ത്കുഞ്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ഷാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് ( ഡോ. പാർഥ സാരഥി)  പൊലീസ് കേസെടുത്തത്.

കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരായായത്. വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ​ശൃംഘേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളിയാണ് ഓഗസ്റ്റ് നാലിന് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

മൊഴി രേഖപ്പെടുത്തിയ 32 വിദ്യാർത്ഥികളിൽ 17 പേരും ഇയാൾക്കെതിരെ പരാതി നൽകി. മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. കോളജിലെ വനിതകളടക്കം ചില ജീവനക്കാർ ഇയാൾക്കുവേണ്ടി വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇരകളുടെ മൊഴികളിലുണ്ട്. അതേസമയം, ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാരുടെ നേതൃത്വത്തിലാണ് തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതെന്നും ചില വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗിക പീഡനമടക്കം കുറ്റകൃത്യങ്ങ​ൾ ചുമത്തി കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ പറഞ്ഞു. കേസെടുത്തതിന് പിന്നാലെ, ഒളിവിൽ​ പോയ പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നതെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും പ്രതി താമസിച്ചിരുന്ന വീടിന്റെ പരിസരത്തും നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ​പൊലീസ് ഇതിനകം സമാഹരിച്ചിട്ടുണ്ട്.

അന്വേഷണത്തിനിടെ, സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോൾവോ കാറിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാർ കസ്റ്റഡിയിലെടുത്തതായും അധികൃതർ വ്യക്തമാക്കി.

സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന വോൾവോ കാറിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നിലയിൽ

ദക്ഷിണേന്ത്യയിലെ പ്രമുഖ ആശ്രമത്തിന്റെ ശാഖയാണ് ചൈതന്യാനന്ദയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്നത്. കേസെടുത്തതിന് പിന്നാലെ, ഇയാളെ പദവികളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ആശ്രമം അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 


Tags:    
News Summary - delhi vasant kunj ashram horror students allege harassment by swami chaityananda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.