ന്യൂഡൽഹി: ത്രിപുരയിൽ നിന്ന് ഉന്നത പഠനത്തിനായി ഡൽഹിയിലെത്തിയ 19കാരിയെ കാണാതായി. ആത്മ റാം സനാതന ധർമ കോളജിലെ സ്നേഹ ദേബാനന്ദിനെയാണ് കാണാതായത്. ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിലാണ് പെൺകുട്ടി ഏറ്റവും ഒടുവിലെത്തിയത്. ജൂലൈ ഏഴിന് സുഹൃത്തിനെ സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ വിടാനായി സ്നേഹ പോയിരുന്നു. അതിനു ശേഷം പെൺകുട്ടിയെ കുറിച്ച് വിവരം ഇല്ലാതായി.
സ്നേഹതെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം. സംഭവം ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ ഓഫിസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകുകയും ചെയ്തു.
സുബേദാർ മേജറായി സൈന്യത്തിൽ നിന്ന് വിരമിച്ച പ്രതീഷ് ദേബാനന്ദിന്റെ മകളാണ് സ്നേഹ. വൃക്കകൾക്ക് രോഗം ബാധിച്ച പ്രതീഷ് ദേബാനന്ദ് ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ പോയി ദിവസം സ്നേഹ അമ്മയെ വിളിച്ചിരുനു. അന്ന് പുലർച്ചെ 5.56നാണ് സ്നേഹ വിളിച്ചത്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലെത്തിക്കുമെന്ന കാര്യവും അമ്മയോട് അവൾ പറഞ്ഞിരുന്നു. കുറച്ചു സമയം കഴിഞ്ഞ് അമ്മ സ്നേഹയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു. സുഹൃത്തുമായി ബന്ധപ്പെട്ടപ്പോൾ സ്നേഹയെ ആ ദിവസം കണ്ടിട്ടേ ഇല്ലെന്നാണ് വീട്ടുകാരോട് പറഞ്ഞത്.
സ്നേഹ സഞ്ചരിച്ച കാബ് ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോൾ ഒരു സി.സി.ടി.വി പോലുമില്ലാത്ത സിഗ്നേച്ചർ ബ്രിഡ്ജിലാണ് സ്നേഹയെ ഇറക്കിയത് എന്ന വിവരം കുടുംബത്തിന് ലഭിച്ചു. ഭയചകിതരായ കുടുംബാംഗങ്ങൾ ഉടൻ പൊലീസിൽ പരാതി നൽകുയായിരുന്നു. സിഗ്നേച്ചർ ബ്രിഡ്ജിന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നാൽ മകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഡൽഹിയിൽ യമുന നദിക്ക് കുറുകെയുള്ള പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജി. ഈ പാലമാണ് വസീറാബാദിനെ കിഴക്കൻ ഡൽഹിയുമായി ബന്ധിപ്പിക്കുന്നത്.
''ഇത് ഞങ്ങളുടെ മകൾക്ക് മാത്രം സംഭവിക്കാനിടയുള്ള കാര്യമല്ല. ഡൽഹി നഗരത്തിൽ നിന്ന് അവൾ അപ്രത്യക്ഷയായിട്ട് 96 മണിക്കൂറായി. ഇപ്പോഴും ഞങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. സ്നേഹക്ക് സംഭവിച്ചത് നാളെ മറ്റൊരു പെൺകുട്ടിക്കും സംഭവിക്കാൻ പാടില്ലെന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും അധികൃതരോടും ഞങ്ങൾ അഭ്യർഥിക്കുകയാണ്''-സ്നേഹയുടെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്നേഹയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. സ്നേഹയുടെ കുടുംബം സഹായമഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിലും മകളെ കണ്ടെത്താൻ സഹായമഭ്യർഥിച്ച് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.