ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകൾ കോടതിയെ കാണിക്കാമെന്നും അപരിചിതർക്ക് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്നും ഡൽഹി സർവകലാശാല. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി) ഉത്തരവിനെതിരെ ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് സർവകലാശാലയുടെ വാദം.
കോടതിയെ ബിരുദരേഖ കാണിക്കുന്നതിൽ എതിർപ്പില്ലെന്നും അപരിചിതർക്ക് പരിശോധിക്കാൻ രേഖ നൽകാനാവില്ലെന്നും സർവകലാശാലക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇപ്പോൾ പ്രധാനമന്ത്രിയായ മുൻ വിദ്യാർഥിയുടെ ബിരുദത്തിന്റെ വിവരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാല എന്ന നിലയിൽ ഒന്നും ഒളിക്കാനില്ല. ഓരോ വർഷത്തെയും ബിരുദങ്ങളുടെ കണക്കുണ്ട്. 1978ലെ ബി.എ ബിരുദം മോദിക്കുണ്ടെന്നും തുഷാർ മേത്ത അറിയിച്ചു. വിവരാവകാശ നിയമം ആക്ടിവിസ്റ്റുകൾ ദുരുപയോഗംചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ കേസിൽ വിവരങ്ങൾ വെളിപ്പെടുത്തിയാൽ ലക്ഷക്കണക്കിന് വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകൾക്ക് സർവകലാശാല മറുപടി നൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസിലെ ആവശ്യം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണെന്നും സോളിസിറ്റർ ജനറൽ ആരോപിച്ചു.
പൊതു താൽപര്യമില്ലാത്ത സാഹചര്യത്തിൽ ജിജ്ഞാസയുടെ പേരിൽ വിവരാവകാശ നിയമപ്രകാരം സ്വകാര്യ വിവരങ്ങൾ തേടാൻ അവകാശമില്ലെന്നാണ് സർവകലാശാലയുടെ വാദം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ പൊതുജനങ്ങളുടെ നന്മക്കായി വെളിപ്പെടുത്താൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് എതിർകക്ഷികളുടെ അഭിഭാഷകർ വാദിച്ചു.
2016 ഡിസംബർ 21ന് നീരജ് എന്നയാളുടെ അപേക്ഷയെത്തുടർന്നാണ് കേന്ദ്ര വിവരാവകാശ കമീഷൻ 1978ൽ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുമതി നൽകിയത്. 2017 ജനുവരി 23ന് ഈ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.