ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തിലേക്ക് അടക്കുമ്പോൾ ബി.ജെ.പിയുടെ മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. ബി.ജെ.പി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ മുഖ്യമന്ത്രി പദത്തിൽ എത്തുമെന്നാണ് ഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, മുഖ്യമന്ത്രിയാരാണന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് വീരേന്ദ്ര സച്ച്ദേവ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമാണ് ബി.െജ.പി നേടിയതെന്നാണ് വീരേന്ദ്ര സച്ച്ദേവ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി പ്രവർത്തകർ കഠിനധ്വാനം ചെയ്തെന്നും പൂർണഫലം വരാൻ കാത്തിരിക്കുകയാണെന്നും വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി.
പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ വിജയമാണിത്. ഡൽഹിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാൽ, അരവിന്ദ് കെജ്രിവാൾ പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും വീരേന്ദ്ര സച്ച്ദേവ ചൂണ്ടിക്കാട്ടി.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആദേശ് ഗുപ്ത രാജിവെച്ചതോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വീരേന്ദ്ര സച്ച്ദേവ എത്തുന്നത്. ഡൽഹി ഘടകം ഉപാധ്യക്ഷനായി പ്രവർത്തിച്ചു വരികെയാണ് സച്ച്ദേവക്ക് അധ്യക്ഷ പദവി ലഭിക്കുന്നത്.
ഡൽഹിയിൽ പാർട്ടിയെ നയിക്കാൻ കൂടുതൽ ശക്തമായതും ഫലപ്രദമായതുമായ നേതൃത്വം വേണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വീരേന്ദ്ര സച്ച്ദേവ അധ്യക്ഷനാക്കുന്നത്.
യമുനനദി വൃത്തിയാക്കുന്നതിൽ ആപ് സർക്കാറിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി യമുനയിലെ മലിനമായ വെള്ളത്തിൽ മുങ്ങിയ വീരേന്ദ്ര സച്ച്ദേവക്ക് ദേഹമാസകലം ചൊറിച്ചിലുണ്ടായത് വാർത്തയായിരുന്നു.
വേറിട്ട പ്രതിഷേധം നടത്തി ശ്രദ്ധപിടിച്ചുപറ്റി മണിക്കൂറുകൾക്കു പിന്നാലെയാണ് സച്ച്ദേവക്ക് തൊലിപ്പുറമെ അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന് ആശുപത്രിയിൽ ചികിൽസ തേടേണ്ടിവന്നു.
യമുനനദി വൃത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 8,500 കോടി രൂപ ആപ് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ച് യമുനയിലെ മലിന ജലത്തിൽ മുങ്ങിയ സച്ച്ദേവ, ഡൽഹി സർക്കാറിന്റെ അഴിമതിക്ക് മാപ്പും ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.