ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ പ്രതിയായതോടെ ആം ആദ്മി പാർട്ടി കൈവിട്ട താഹിർ ഹുസൈൻ എ.ഐ.എം.ഐ.എം സ്ഥാനാർഥിയായെത്തുമ്പോൾ കലാപബാധിത പ്രദേശമായ മുസ്തഫാബാദ് മണ്ഡലത്തിലെ ഫലം പ്രവചനാതീതം. കലാപക്കേസിൽ താഹിറിനെ കുടുക്കിയതാണെന്ന് കരുതുന്നവർ മണ്ഡലത്തിലേറെയുള്ള സാഹചര്യം മുൻനിർത്തിയാണ് മുസ്ലിം നേതാവിനെ എ.ഐ.എം.ഐ.എം ഏറ്റെടുത്തത്.
ഡൽഹി ഹൈകോടതി അനുവദിച്ച കസ്റ്റഡി പരോളിൽ താഹിർ വ്യാഴാഴ്ച പത്രിക നൽകി. കരാവൽനഗറിലെ ബി.ജെ.പി സിറ്റിങ് എം.എൽ.എ മോഹൻ ബിഷ്ട് മത്സരിക്കുന്ന മുസ്തഫാബാദിൽ ആം ആദ്മി പാർട്ടിയുടെ ആദിൽ അഹ്മദ് ഖാനും കോൺഗ്രസിന്റെ അലി മെഹന്ദിയും മത്സര രംഗത്തുണ്ട്. ഡൽഹി കലാപത്തിനിടയാക്കിയ പ്രകോപന പ്രസംഗം നടത്തിയ കേസിലുൾപ്പെട്ട കപിൽ മിശ്രക്ക് മത്സരിക്കാനാണ് മോഹൻ ബിഷ്ടിനെ കരാവൽ നഗറിൽനിന്ന് മാറ്റിയത്.
അഞ്ചു തവണ എം.എൽ.എയായ ബിഷ്ടിനെ കപിൽ മിശ്രക്കായി ബലിയാടാക്കുകയാണെന്ന ആരോപണമുയരുമ്പോൾ 40 ശതമാനം മുസ്ലിം വോട്ടർമാരുള്ള മുസ്തഫാബാദിൽ ബി.ജെ.പിയുടെ മൂന്ന് എതിരാളികളും മുസ്ലിംകളാണ്. ഭിന്നിക്കുന്ന വോട്ടുകളുടെ ബലത്തിൽ ബിഷ്ട് ജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.