ന്യൂഡല്‍ഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിൽ വൈക്കോൽ കത്തിക്കുന്നതിൽ അയൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ വിളവെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിർദേശം നൽകി.
വായു മലിനീകരണപ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ല. എല്ലാവർഷവും ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാനാകില്ല. വായുമലിനീകരണം രൂക്ഷമാക്കുന്നതിൽ വയല്‍മാലിന്യങ്ങള്‍ കത്തിക്കുന്നതും പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതെങ്ങനെ തടയണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. അത് എങ്ങനെയെങ്കിലും തടഞ്ഞേ പറ്റൂ.
ഇതിനായി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് ചുമതല നല്‍കണം. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നല്‍കി. നടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാനങ്ങൾ ബുധനാഴ്ച യോഗം ചേരണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്ഥാപിച്ച പുകമഞ്ഞ് ടവറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേസിലെ അമിക്കസ് ക്യൂറി അപരാജിത സിങ് സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെ ന്യായീകരിക്കാനാവാത്തതെന്ന് വിശേഷിപ്പിച്ച ബെഞ്ച് ടവറുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടാക്‌സികള്‍ ഓടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.