ന്യൂഡൽഹി: ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 719 സ്ഥാനാർഥികൾ. സൂക്ഷ്മപരിശോധനക്ക് ശേഷം ആകെ സ്ഥാനാർഥികളുടെ എണ്ണം 719 ആണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
സൂക്ഷ്മപരിശോധനയിൽ ആകെ 1,040 പത്രികളാണ് ഉണ്ടായിരുന്നത്. 477 എണ്ണം നിരസിക്കപ്പെട്ടു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലാണ്. 23 പേരാണ് മത്സര രംഗത്തുള്ളത്. അഞ്ച് സ്ഥാനാർഥികളുള്ള പട്ടേൽ നഗറിലും കസ്തൂർബാ നഗറിലും ഏറ്റവും കുറവ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആയിരുന്നു. ജനുവരി 18നാണ് സൂക്ഷ്മപരിശോധന നടത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി എട്ട് ആയിരുന്നു.
മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി സീറ്റിലാണ് മത്സരിക്കുന്നത്. രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് അദ്ദേഹത്തിന് എതിരാളികൾ. ബി.ജെ.പി സ്ഥാനാർഥിയായി സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയും, കോൺഗ്രസിനായി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതും ന്യൂഡൽഹി സീറ്റിൽ മത്സരിക്കുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ മൂന്ന് പാർട്ടികളും ശക്തമായ പ്രചരണത്തിലാണ്. വാഗ്ദാനങ്ങൾ നൽകിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടികൾ പ്രചാരണത്തിരക്കിലാണ്. ഡൽഹിയിൽ ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും.
15 വർഷം തുടർച്ചയായി ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടു. ഒരു സീറ്റിലും വിജയിക്കാനായില്ല. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി എ.എ.പി ആധിപത്യം സ്ഥാപിച്ചപ്പോൾ ബി.ജെ.പിക്ക് എട്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.