ഡേറ്റിങ് ആപ് വഴി പരിചയപ്പെടും, പിന്നീട് കൊള്ളയടിക്കും; യുവാവിൽനിന്ന് ഏഴുലക്ഷം തട്ടിയ സംഘം അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഡേറ്റിങ് ആപ്പുകൾ വഴി ആളുകളെ കണ്ടെത്തി പണം കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ. ഡൽഹിയിലെ കൽക്കാജി പ്രദേശം കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. യുവാവിൽനിന്ന് ഏഴുലക്ഷം തട്ടി മണിക്കൂറുകൾക്കകമാണ് യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്.

ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. യുവാവായ അനുരൂപ് നരുലയാണ് തട്ടിപ്പിന് ഇരയായത്. ‘3F’ എന്ന ഡേറ്റിങ് ആപ്പിൽ ‘ഷെറി’ എന്ന പേരിൽ ഒരു​ പെൺകുട്ടി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് ഡൽഹിയിലെ നെഹ്റു പ്ലേസ് ഏരിയയിൽവെച്ച് നേരിട്ട് കാണാമെന്ന് അറിയിച്ചു. സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് അനുരൂപ് നരുല പറയുന്നു.

തുടർന്ന് അനുരൂപിനെ ഇവർ ഭീഷണിപ്പെടുത്തി. ശ്വാസം മുട്ടിച്ച് ബോധം കെടുത്താൻ ശ്രമിച്ചു. യു.പി.ഐ, എ.ടി.എം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഏകദേശം ഏഴുലക്ഷം രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നിർബന്ധിതമായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കവർച്ചക്ക് ശേഷം നെഹ്റു പ്ലേസിൽതന്നെ തിരികെ എത്തിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു.

തുടർന്ന് അനുരൂപ് ഡൽഹി പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് കമീഷണർ രത്തൻ ലാലിന്റെയും ഇൻസ്പെക്ടർ ആർ.എസ് ഡാഗറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, ഡിജിറ്റൽ ഇടപാട് ഡാറ്റ എന്നിവ വിശകലനം ചെയ്താണ് പ്രതികളെ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ റെയ്ഡിനിടെ ഋഷഭ് രാഘവിനെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളായ നവോജിത്, സാഹിൽ, ജോയ് എന്ന സഞ്ജയ്, ജെന്നി എന്ന ഹർലീൻ കൗർ എന്നിവരെ മാളവ്യ നഗറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഡേറ്റിങ് ആപ്പുവഴി ആളുകളെ കണ്ടെത്തുകയും ഒഴിഞ്ഞ പ്രദേശത്തേക്ക് ക്ഷണിച്ച് കൊള്ളയടിക്കുകയുമാണ് ചെയ്യുകയെന്ന് ​പ്രതികൾ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും ഡൽഹി പൊലീസ് കണ്ടെടുത്തു. കൊള്ളയടിച്ച പണത്തെയും ബാങ്ക് ഇടപാടുകളെയും കുറിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - delhi police Arrested gang that lured and robbed people through dating apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.