ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 27 വർഷത്തിനു ശേഷം അധികാരത്തിലെത്തിയ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയാണെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് നാൾ പിന്നിടുന്ന വേളയിൽ, ഡൽഹി ഭരിക്കാനായി ബി.ജെ.പി പരിഗണിക്കുന്നത് ഒരു വനിതയെയാണെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് പുറത്തുവരുന്ന സൂചന. 70ൽ 48 സീറ്റുകളും പിടിച്ചെടുത്താണ് ഇന്ദ്രപ്രസ്ഥത്തിൽ ആം ആദ്മി പാർട്ടിയിൽനിന്ന് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്.
നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 48 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ നാലുപേർ മാത്രമാണ് സ്ത്രീകൾ. നീലം പഹൽവാൻ (നജഫ്ഘട്ട്), രേഖാ ഗുപ്ത (ഷാലിമാർബാഗ്), പൂനം ശർമ (വാസിർപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്) എന്നിവരാണത്. ഡൽഹി സർവകലാശാല യൂനിയന്‍റെ മുൻ പ്രസിഡന്‍റാണ് രേഖ ഗുപത. എ.എ.പി സർക്കാറിലെ മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജിനെ തോൽപ്പിച്ചാണ് ശിഖ റോയ് നിയമസഭയിലേക്കെത്തുന്നത്. ഈ നാലുപേരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തറപറ്റിച്ച പർവേഷ് വർമയാകും പുതിയ മുഖ്യമന്ത്രിയായി എത്തുകയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വനിതാ മുഖ്യമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുമ്പ് രണ്ട് തവണ വെസ്റ്റ് ഡൽഹിയിൽനിന്നുള്ള എം.പിയായ പർവേഷ് വർമ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. മാളവ്യ നഗർ എം.എൽ.എയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സതീഷ് ഉപാധ്യായ്, മുതിർന്ന പാർട്ടി നേതാവ് വിജേന്ദർ ഗുപ്ത, ജാനക്പുരി എം.എൽ.എ ആശിഷ് സൂദ്, ഉത്തംനഗറിൽനിന്നുള്ള പവൻ ശർമ എന്നിവരുടെ പേരും ഉയർന്നിരുന്നു.
ജാതി സമവാക്യങ്ങൾ ഒപ്പിക്കാനായി പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരെ ബി.ജെ.പി പരിഗണിക്കുന്നതായും വിവരമുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ അണിയറ നീക്കങ്ങളിൽ ഇനിയും വ്യക്തത വരാനിരിക്കെ വരും ദിവസങ്ങളിൽ മാത്രമേ ചിത്രം തെളിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.