'അശ്ലീല ഉള്ളടക്കം തടയാൻ പരാതി ലഭിക്കുന്നത് വരെ കാത്തിരിക്കരുത്': ഗൂഗ്ളിനും ആപ്പിളിനും ഹൈക്കോടതി നിർദ്ദേശം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പരാതി ലഭിക്കുന്നത് വരെ കാത്തുനിൽക്കാതെ, അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ കൃത്യമായ പരിശോധനയിലൂടെ നടപടിയെടുക്കണമെന്ന് ഗൂഗ്ളിനും ആപ്പിളിനും  നിർദേശം നൽകി ഡൽഹി ഹൈക്കോടതി.

നിലവിലെ നിയമസംവിധാനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അതിനിർണായക പങ്കാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോടും കോടതി ആവശ്യപ്പെട്ടു.

ഗൂഗ്ൾ, ആപ്പിൾ പ്ലാറ്റ്‌ഫോമുകൾ വഴി അശ്ലീല ഉള്ളടക്കം നൽകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാകുന്നതിനെതിരെ രുബിക ഥാപ്പ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിദേശങ്ങളിൽ നിന്നുള്ള പല മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി അശ്ലീല ലൈവ് സ്ട്രീമുകൾ നടത്തുന്നുണ്ടെന്നും, ഇത് ഐടി ആക്ട് (2000), ഭാരതീയ ന്യായ സംഹിത എന്നിവയുടെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

"രാജ്യത്തെ ഒരു തലമുറയെ മുഴുവൻ നശിക്കാൻ അനുവദിക്കാനാവില്ല. ഭരണഘടനയുടെ 19-ാം അനുച്ഛേദം നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളെയും ഞങ്ങൾ മാനിക്കുന്നു, എന്നാൽ അതിനർത്ഥം ഇത്തരം അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുമെന്നല്ല," കോടതി വാക്കാൽ പരാമർശിച്ചു.

ഹരജിയിലെ ആരോപണങ്ങൾ ഗൗരവമായി പരിഗണിച്ച്, ഗൂഗ്ൾ, ആപ്പിൾ, സെർട്ട്-ഇൻ എന്നിവർ അശ്ലീല വിഡിയോകളുടെ പ്രചരണം ഉടനടി തടയണമെന്നും 2021-ലെ ഐ.ടി നിയമങ്ങൾ അക്ഷരാർഥത്തിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാർ, ഗൂഗ്ൾ, ആപ്പിൾ, സെർട്ട്-ഇൻ എന്നിവർക്ക് കോടതി ഉത്തരവ് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഒപ്പം പ്ലാറ്റ്‌ഫോമുകൾ എടുത്ത നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആപ്പുകൾ കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാണെന്നും ഇവ കോടിക്കണക്കിന് ഡോളർ സമ്പാദിക്കുന്നുണ്ടെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ തന്മയ മേത്ത ചൂണ്ടിക്കാട്ടി. ഈ ആപ്ലിക്കേഷനുകൾ ബ്ലാക്ക്‌മെയിലിങിനും ഹണി-ട്രാപ്പിംങിനും ആയുധമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.

Tags:    
News Summary - Delhi high court asked Google and Apple to take action to control vulgar content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.