ഉമർ ഖാലിദ്, ഷർജീൽ ഇമാം
ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ തള്ളി. ഡൽഹി കർക്കാർഡൂമ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സമീർ ബാജ്പേയിയൂടേതാണ് ഉത്തരവ്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷം കോടതി വൈകീട്ട് വിധി പറഞ്ഞത്. ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തു. സാഹചര്യങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മറ്റ് പ്രതികളിൽനിന്ന് വ്യത്യസ്തമായി ഗൂഢാലോചനയിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നും പൊലീസ് വാദിച്ചു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെയാണ് വാദങ്ങൾ ഉന്നയിച്ചത്. എന്നാൽ, സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ഉമറും ഷർജീലും കോടതിയിൽ വാദിച്ചത്.
എൻ.ഐ.എ അന്വേഷിക്കുന്ന മയക്കുമരുന്ന്-ഭീകരവാദ കേസിൽ ജമ്മു കശ്മീർ സ്വദേശി സയ്യിദ് ഇഫ്തിഖർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ച് മെയ് 18ന് സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി ഇരുവരും ചൂണ്ടിക്കാട്ടി. എന്നാൽ, ഗുൽഫിഷ ഫാത്തിമ, ഇഫ്തിഖർ അന്ദ്രാബി കേസുകളിലെ വിധി ഇതിനകം ഒരു വലിയ ബെഞ്ചിന് വിട്ടിട്ടുള്ളതാണെന്നും അതിനാൽ ഈ വിഷയത്തിൽ തീർപ്പുണ്ടാകുന്നത് വരെ ഖാലിദിന്റെയും ഇമാമിന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കാൻ കോടതിക്ക് കഴിയില്ലെന്നും സമീർ ബാജ്പേയി വ്യക്തമാക്കി.
ഇരുവർക്കും ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ വിധി പാലിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു. സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്ന മുറക്ക് അല്ലെങ്കിൽ ഈ ഉത്തരവ് തീയതി മുതൽ ഒരു വർഷം തികയുന്ന മുറക്കോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ഖാലിദിനും ഇമാമിനും ജാമ്യത്തിനായി വീണ്ടും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, കോടതിക്ക് അപേക്ഷ പരിഗണിക്കാനോ ജാമ്യം അനുവദിക്കാനോ കഴിയില്ലെന്നും പറഞ്ഞാണ് അപേക്ഷ തള്ളിയത്.
തങ്ങളുടെ നീണ്ട തടവ് വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഉമർ ഖാലിദും ഷർജീൽ ഇമാമും ചൂണ്ടിക്കാട്ടി. ജനുവരി അഞ്ചിന് സുപ്രീം കോടതി തങ്ങളുടെ ജാമ്യാപേക്ഷ തള്ളിയെങ്കിലും, അതിനുശേഷമുണ്ടായ നിയമപരമായ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ ജാമ്യാപേക്ഷ നിലനിൽക്കുമെന്ന് ഉമർ ഖാലിദ് വാദിച്ചു. യു.എ.പി.എ നിയമപ്രകാരമുള്ള കേസുകളിൽ പോലും ‘ജാമ്യം നിയമമാണ്, ജയിൽ അപവാദമാണ്’ എന്ന തത്വം സുപ്രീം കോടതിയുടെ മേയ് മാസത്തിലെ മറ്റൊരു ഉത്തരവിൽ ആവർത്തിച്ചിരുന്നുവെന്ന കാര്യം ഖാലിദ് ചൂണ്ടിക്കാട്ടി.
കൂടാതെ, വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ യു.എ.പി.എയിലെ ജാമ്യ നിയന്ത്രണങ്ങൾ ഭരണഘടനാപരമായ സംരക്ഷണങ്ങളെ മറികടക്കില്ലെന്ന് ‘യൂനിയൻ ഓഫ് ഇന്ത്യ വേഴ്സസ് കെ.എ. നജീബ്’, ‘വെർണൻ ഗോൺസാൽവസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര’ എന്നീ വിധിന്യായങ്ങൾ ഉദ്ധരിച്ച് ഖാലിദ് വാദിച്ചു. കുറ്റപത്രം പോലും തയ്യാറാക്കാതെ ഏകദേശം ആറ് വർഷമായി താൻ തടവിലാണെന്നും ഖാലിദ് കോടതിയെ ബോധിപ്പിച്ചു.
ആറ് മാസത്തിന് ശേഷവും വിചാരണ നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഷർജീൽ ഇമാമും വാദിച്ചു. താനും ആറ് വർഷമായി വിചാരണ കൂടാതെ തടവിൽ കഴിയുകയാണെന്ന് ഇമാം ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, തന്റെ പി.എച്ച്.ഡി തീസിസ് പൂർത്തിയാക്കുന്നതിനായി ഗവേഷണ സാമഗ്രികൾ ലഭിക്കണമെന്നാവശ്യപ്പെട്ട് ഷർജീൽ ഇമാം കോടതിയിൽ പുതിയ അപേക്ഷയും നൽകിയിട്ടുണ്ട്. ഐ.ഐ.ടി ബോംബെയിൽനിന്ന് ബിരുദം നേടിയ ഇമാം, അറസ്റ്റിലാകുന്നതിന് മുമ്പ് ജെ.എൻ.യുവിൽ ആധുനിക ചരിത്രത്തിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു.
നേരത്തെ, കേസിലെ മറ്റ് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് ജാമ്യം ലഭിച്ചപ്പോൾ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യം സുപ്രീം കോടതി ജനുവരിയിൽ നിരസിച്ചിരുന്നു. ഇവർക്കെതിരെ യു.എ.പി.എ പ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും, പ്രതികളെ തുല്യരായി കണക്കാക്കാൻ കഴിയില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. ഗൂഢാലോചനയിൽ പങ്കാളികളാണെന്നാരോപിച്ച് യു.എ.പി.എയും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് ഖാലിദിനെയും ഇമാമിനെയും ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.