`ദേവേന്ദ്ര ഫഡ്നാവിസ് സംസ്കാരവും സംവേദനക്ഷമതയുമുള്ള മുഖ‍്യമന്ത്രിയാണെന്ന് ഞാനും മഹാരാഷ്ട്രയിലെ ജനങ്ങളും തെറ്റിദ്ധരിച്ചു'; രാജ് താക്കറെ

മുംബൈ: വിവവാദവിഡിയോയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിമർശനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. മുംബൈയിലുണ്ടായ രണ്ട് മരണങ്ങളെക്കുറിച്ചുള്ള ചർച്ചക്കിടെ ബി.ജെ.പി മുംബൈ പ്രസിഡന്‍റ് അമിത് സാതം ചിരിക്കുന്ന വിഡിയോ ദൃശ‍്യങ്ങൾ ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു. സംഭവത്തിൽ നടപടിയെടുക്കാത്തതിനെതുടർന്നാണ് രാജ് താക്കറെ മുഖ‍്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായെത്തിയിരിക്കുന്നത്. സംഭവം മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്കാരത്തെ തകർക്കുമെന്നും രാജ് താക്കറെ അറിയിച്ചു.

ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം അധികാരത്താൽ അഹങ്കാരികളായി മാറിയതായി രാജ്യത്തുടനീളമുള്ള ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്ന് മുഖയമന്ത്രിക്കയച്ച തുറന്ന കത്തിലും എക്സിലുമായി രാജ് താക്കറെ കൂട്ടി ചേർത്തു. `ഈ രോഗം നമ്മുടെ സംസ്ഥാനത്തേക്കും പടർന്നോ? അത് പടരാൻ നിങ്ങൾ അനുവദിക്കുകയാണോ?' എന്ന് അദ്ദേഹം മറാത്തിയിൽ കുറിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഹാരാഷ്ട്ര രാഷ്ട്രീയ പക്വതയ്ക്കും മര്യാദയ്ക്കും പേരുകേട്ടതാണെന്ന് എം.എൻ.എസ് അധ്യക്ഷൻ പറഞ്ഞു. `എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുമായി നിങ്ങൾ കിടപിടിക്കാൻ തുടങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്' അദ്ദേഹം അറിയിച്ചു.

അമിത് സാതമിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് മുംബൈയിലുണ്ടായ രണ്ട് ദുരന്തങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദത്തെ രാജ് താക്കറെ വിമർശച്ചിത്. `നിങ്ങളുടെ ഒരു എം.എൽ.എയും ഭാരവാഹിയും ആളുകളുടെ മരണത്തിൽ ആഹ്ലാദത്തോടെ ചിരിക്കുന്നു. എന്നാൽ അയാൾക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. അധികാരം അഴിമതിയിലേക്ക് നയിക്കുന്നു. സമ്പൂർണ്ണ അധികാരം സമ്പൂർണ്ണമായി അഴിമതിയിലേക്ക് നയിക്കുന്നു.ആർക്കും യാതൊരു ഖേദവുമില്ല, കുറ്റബോധവുമില്ല... ഇതിനെല്ലാമിടയിൽ നിങ്ങൾ ഒരക്ഷരം പോലും ഉരിയാടുന്നില്ല അതുകൊണ്ടാണ് എല്ലാവരും തികച്ചും ലജ്ജയില്ലാത്തവരായി മാറിയത്' അദ്ദേഹം കൂട്ടിച്ചേർത്തു. ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്കാരമുള്ള ഒരു മുഖ്യമന്ത്രിയായും സംവേദനക്ഷമതയുള്ള ഒരാളായാണ് താനും മഹാരാഷ്ട്രയിലെ ജനങ്ങളും ചിന്തിച്ചിരുന്നതെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഒട്ടും ഖേദം പ്രകടിപ്പിക്കാത്തത് നിങ്ങളുടെ സംവേദനക്ഷമതയെത്തന്നെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കത്തിൽ എഴുതി.

`കഴിഞ്ഞ 37 വർഷമായി ഞാൻ രാഷ്ട്രീയത്തിൽ സജീവമാണ്. മഹാരാഷ്ട്രയിലെ ഒരു നേതാവിന് അബദ്ധം പറ്റിയപ്പോൾ, അവർ തങ്ങളുടെ ആളാണെന്ന കാരണത്താൽ അന്നത്തെ നേതാക്കൾ അവരെ ഒരിക്കലും സംരക്ഷിച്ചിരുന്നില്ല. അത് ബാലാസാഹേബ് ആകട്ടെ, പവാർ സാഹേബ് ആകട്ടെ, പ്രമോദ്ജി ആകട്ടെ, അല്ലെങ്കിൽ മറ്റാരെങ്കിലുമാകട്ടെ ആ കാരണത്താൽ, മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന് രാജ്യത്തുടനീളം വ്യത്യസ്തമായ ഒരു പ്രതിച്ഛായ ഉണ്ടായിരുന്നു'. ഇന്ന് ബി.ജെ.പി സർക്കാർ ഇതിന് നേർവിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. `നിങ്ങളുടെ മന്ത്രിമാർ എല്ലാ ദിവസവും അസംബന്ധമായ പ്രസ്താവനകൾ നടത്തുന്നു, നിങ്ങൾ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. നിങ്ങളുടെ മറ്റ് നേതാക്കൾ അവരുടെ സംവേദനക്ഷമതയില്ലായ്മ പരസ്യമായി പ്രകടിപ്പിക്കുന്നു, അവരോട് നിങ്ങൾ ഒന്നും പറയുന്നില്ല' അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ ഇടപെട്ടിരുന്നെങ്കിൽ ആ തെറ്റുകൾ ആവർത്തിക്കാൻ അവർക്ക് ധൈര്യം ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ നഗരത്തിൽ അടുത്തിടെ നടന്ന രണ്ട് മരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അമിത് സാതം ചിരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വൈറലായതിനെത്തുടർന്നാണ് രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമായത്. സ്കൂൾ ബസിന് മുകളിൽ മരം വീണതിനെത്തുടർന്ന് മരിച്ച 11 വയസ്സുകാരന്‍, മാൻഹോളിൽ വീണ് മരിച്ച 60 വയസ്സുകാരൻ എന്നിവയെക്കുറിച്ചായിരുന്നു പരാമർശം. ഭരണകക്ഷിയുടെ സംവേദനക്ഷമതയില്ലായ്മയുടെ തെളിവാണ് ഈ വീഡിയോയെന്ന് ചൂണ്ടിക്കാട്ടി ശിവസേന (യു.ബി.ടി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വൈറലായ ദൃശ‍്യങ്ങൾ മറ്റൊരു സന്ദർഭത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്നും പറഞ്ഞ് സാതം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. താൻ നിയമസഭയിൽ തുടർച്ചയായി ഈ സംഭവങ്ങൾ ഉന്നയിച്ചതുകൊണ്ടാണ് അതിനെക്കുറിച്ച് സംസാരിച്ചതെന്നും, തന്റെ ചിരി മരണങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മറ്റൊരു നിയമസഭാംഗവുമായുള്ള സംഭാഷണത്തിന്‍റെ മറുപടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മുഖ‍്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - I, and the people of Maharashtra, were under the misconception that Devendra Fadnavis is a cultured and sensitive Chief Minister," said Raj Thackeray, following a controversial video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.