ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ നിരാഹാരം നടത്തുന്ന ഇടതുപക്ഷ വിദ്യാർഥി നേതാവിന്റെ ആരോഗ്യ നില വീണ്ടും മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരാഹാര സമരത്തിൽ ഏഴുദിവസം പിന്നിട്ട സോനം വാങ്ചുകിന്റെ ആരോഗ്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും നിരാഹാരം തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം അഞ്ചുകിലോ കുറഞ്ഞെന്നും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി വേദിയിൽ നിരാഹാരം നടത്തുകയായിരുന്ന ‘ഐസ’ നേതാവ് ഡാനിഷ് അലിയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരാഹാരം ഏഴാം ദിവസത്തേക്കു കടന്നതിനുശേഷം വൈകീട്ടോടെ ഡാനിഷിനു തലചുറ്റലും ദേഹാസ്വാസ്ഥ്യവുമുണ്ടാവുകയായിരുന്നു. വെള്ളം പോലും കുടിക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നതോടെ ആംബുലൻസെത്തിച്ച് നിർബന്ധപൂർവം ആശുപത്രിയിലെത്തിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ നടപടിയെടുക്കാതെ സോനം വാങ്ചുകിന് വല്ലതും സംഭവിച്ചാൽ സർക്കാറായിരിക്കും ഉത്തരവാദിയെന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.