മമത ബാനർജി

ഒടുവിൽ മൗനം വെടിഞ്ഞ് മമത, വിമതർക്കെതിരെ ഒളിയമ്പുകൾ; `ബി.ജെ.പിയിൽ അഭയം തേടാത്ത യഥാർഥ തൃണമൂൽ നേതാക്കൾക്ക് ഐകൃദാർഢ‍്യം'

കൊൽക്കത്ത: തെരെഞ്ഞെടുപ്പ് പരാജയത്തിൽ ടി.എം.സിയിൽ ഉണ്ടായ വിമത നീക്കങ്ങൾക്ക് പിന്നാലെ മൗനം വെടിഞ്ഞ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നും തൃണമൂൽ നേതാക്കളെ പകൽവെളിച്ചത്തിൽ വേട്ടയാടുകയാണെന്നും ശനിയാഴ്ച പുറത്തുവന്ന വിഡിയോ സന്ദേശത്തിലൂടെ മുൻ മുഖ്യമന്ത്രി അറിയിച്ചു

`ബി.ജെ.പി വോട്ടുകൾ അട്ടിമറിച്ചാണ് അധികാരത്തിൽ വന്നതെന്ന് ഞാൻ മനസിലാക്കി. അത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അവർ വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുകയും വോട്ടുകൾ മോഷ്ടിക്കുകയും വോട്ടെണ്ണൽ പ്രക്രിയയിൽ തിരിമറി നടത്തുകയും ചെയ്തു... ഞങ്ങളെ പിന്തുണയ്ക്കുന്നവർ, ഞങ്ങളോടൊപ്പം നിൽക്കുന്നവർ, നമ്മുടെ ആയിരക്കണക്കിന് പ്രവർത്തകർ എന്നിവരെ പകൽവെളിച്ചത്തിൽ വേട്ടയാടുന്ന അവസ്ഥയാണുള്ളത്. അവർക്കെതിരെ കേസുകളോ കോടതി ഉത്തരവുകളോ ഇല്ലാതിരുന്നിട്ടും ഈ ഭീകരത തുടരുകയാണ്' -മമത കൂട്ടി ചേർത്തു.

തൃണമൂൽ വിട്ട് നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേർന്ന വിമതർക്കെതിരെയുള്ള ഒളിയമ്പുകളോടെയായിരുന്നു മമതയുടെ സന്ദേശം ആരംഭിച്ചത്. `സാധാരണ ജനങ്ങൾക്കും താഴെത്തട്ടിലുള്ള പ്രവർത്തകർക്കും ബി.ജെ.പിയിൽ അഭയം തേടാതെ തൃണമൂൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന യഥാർഥ നേതാക്കൾക്കും ഞാൻ എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു, അവരെ അഭിവാദ്യം ചെയ്യുന്നു, അഭിനന്ദിക്കുന്നു' മമത ബാനർജി അറിയിച്ചു.

ഒരാളുടെ മൗനമാണ് ഏറ്റവും ഉച്ചത്തിൽ സംസാരിക്കുന്നതെന്ന്, കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള തന്റെ മൗനത്തെ പരാമർശിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു. മമതയുടെ വിശ്വസ്തയായ ചന്ദ്രിമ ഭട്ടാചാര്യ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിനെത്തുടർന്ന് പാർട്ടിക്കുണ്ടായ പുതിയ തിരിച്ചടിക്കിടയിലാണ് പ്രസ്താവന പുറത്തുന്നിരിക്കുന്നത്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ എം.എൽ.എമാർ കൊൽക്കത്തയിലെ കിഴക്കൻ മെട്രോപൊളിറ്റൻ ബൈപാസിന് സമീപമുള്ള പാർട്ടിയുടെ വാടക ഓഫീസ് പിടിച്ചെടുക്കുകയും തങ്ങളാണ് യഥാർഥ തൃണമൂൽ പ്രവർത്തകർ എന്ന് അവകാശപ്പെടുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി.

`ജൂൺ മൂന്നിന്ന് കാളീഘട്ടിൽ നടന്ന യോഗത്തിൽ എന്നെ ഏൽപ്പിച്ച ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഞാൻ ഇതോടൊപ്പം രാജിവെക്കുന്നു. ഇപ്പോൾ വഹിക്കുന്ന മറ്റെല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജിവെക്കുകയാണ്' ഭട്ടാചാര്യ തന്റെ രാജിക്കത്തിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ എന്നതിന് പകരം മുൻ മുഖ്യമന്ത്രി എന്നാണ് അവർ മമതയെ അഭിസംബോധന ചെയ്തത്. അസുഖബാധിതനായ മുതിർന്ന നേതാവ് സുബ്രത ബക്ഷിയെ മാറ്റി അടുത്തിടെയാണ് ചന്ദ്രിമ ഭട്ടാചാര്യയെ തൃണമൂൽ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. മമത ബാനർജി ഭരണകാലത്ത് ധനകാര്യം, ആരോഗ്യം, പഞ്ചായത്ത്, ഗ്രാമവികസനം എന്നീ വകുപ്പുകൾ ചന്ദ്രിമ ഭട്ടാചാര്യ കൈകാര്യം ചെയ്തിരുന്നു.

Tags:    
News Summary - Finally, Mamata breaks silence, takes indirect digs at rebels; 'Solidarity with true Trinamool leaders who have not sought refuge in the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.