ന്യൂഡൽഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ജനതക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ആശംസകൾ നേർന്നു. ജനാധിപത്യ മൂല്യങ്ങൾ പങ്കുവക്കുന്നതിൽ വേരൂന്നിയ ബന്ധം പൊതുമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തിപ്പെടുകയാണെന്നും, ഈ പങ്കാളിത്തം ആഗോള നന്മക്കുളള ശക്തിയായും ഇന്ത്യ-യുഎസ് ബന്ധത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 140 കോടി ഇന്ത്യൻ ജനതയുടെ പേരിലാണ് ട്രംപിനും അമേരിക്കൻ ജനതക്കും അദ്ദേഹം ആശംസകൾ നേർന്നത്." 1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ 250-ാം വാർഷികത്തിൽ പ്രസിഡന്റ് ട്രംപിനും അമേരിക്കൻ ജനതക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു,"-പ്രധാനമന്ത്രി മോദി കുറിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറും തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഒതുങ്ങുന്നതല്ലെന്നും, ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യത്തിന് നൽകുന്ന പ്രാധാന്യം തുടങ്ങിയ പൊതുമൂല്യങ്ങളാണ് ഈ ബന്ധത്തിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മൂല്യങ്ങളാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ലോകത്തിന്റെ നന്മക്കായുളള ശക്തിയാക്കി മാറ്റുന്നതെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു. അടുത്ത 250 വർഷങ്ങൾ അമേരിക്കക്ക് കൂടുതൽ അഭിവൃദ്ധിയും സമാധാനവും പുരോഗതിയും കൊണ്ടുവരട്ടെയെന്നും, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലെത്തിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ, പ്രതിരോധം, വ്യാപാരം, ഊർജം, ബഹിരാകാശ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും അമേരിക്കയും അടുത്തകാലത്ത് സഹകരണം കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.