രാജസ്ഥാനിൽ മാത്രം ആയിരത്തിലേറെ പള്ളികളും ദർഗകളും മദ്റസകളും പൊളിക്കുന്നു; വസ്തുതാന്വേഷണ സംഘത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് ശാഫി മദനി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം പള്ളികളും മതസ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് പൊളിച്ചുനീക്കി കൊണ്ടിരിക്കുകയാണെനും കൊടിയ അന്യായം കണ്ടുനിൽക്കാനാകാതെ ഹിന്ദു സമുദായാംഗങ്ങൾ പോലും പള്ളികൾക്ക് സംരക്ഷണമൊരുക്കിയ അനുഭവമുണ്ടായെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വസ്തുതാന്വേഷണ സംഘത്തെ നയിച്ച ശാഫി മദനി വാർത്താമ്മേളനത്തിൽ പറഞ്ഞു. രാജസ്ഥാനിലെ ബാഡ്മീർ, ബികാനീർ, ജയ്സാൽമീർ എന്നിവിടങ്ങളിൽ മാത്രം ആയിരം പള്ളി, മദ്റസ ദർഗകൾ പൊളിച്ചു നീക്കാനുള്ള നോട്ടീസ് നൽകിയെന്ന് അദ്ദേഹം അറിയിച്ചു.

മുസ്ലിം മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും മാത്രം തെരഞ്ഞെടുത്ത് പൊളിച്ചുനീക്കുകയാണെന്നും ഇതിനിടയിലുള്ള ഹിന്ദുമത സ്ഥാപനങ്ങൾ ഒഴിവാക്കുകയാണെന്നും വാരണാസിയിലെ കൂടി ഉദാഹരണങ്ങൾ നിരത്തി ഷാഫി മദനി ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലെ ദേശസുരക്ഷാ പരിഗണിച്ചാണ് പൊളിച്ചുനീക്കൽ എന്ന് പറയുമ്പോൾ ക്ഷേത്രങ്ങൾ മാത്രം നിലനിർത്തി പള്ളികളും മദ്റസകളും ദർഗകളും മാത്രം പൊളിച്ചു നീക്കുകയാണ്. എല്ലാ രേഖകളുമുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ജയ്പൂരിലെ നൂറാനി മസ്ജിദ് പൊളിച്ചുമാറ്റി. ഗുജറാത്ത് കച്ചിലെ എട്ട് ദർഗകളും രണ്ട് പള്ളികളും പൊളിച്ചു. ബാഡ്മീറിലും ജയ്സാൽമീറിലും ബികാനീറിലും ആയിരത്തിലേറെ പള്ളികളും മദ്റസകളും ദർഗകളും പൊളിക്കാനുള്ള നോട്ടീസ് നലകിയെന്നും ഇവയിൽ പലതും പൊളിച്ചുനീക്കിയെന്നും ശാഫി മദനി പറഞ്ഞു. ജയ്സാൽമീറിലും പള്ളികളും മദ്റസകളും ദർഗകളും തകർത്തു.


ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വസ്തുതാന്വേഷണ സംഘ​ത്തെ നയിച്ച ശാഫി മദനി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു. ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലീം സമീപം

 അതിർത്തി പ്രദേശം 15 കിലോമീറ്റിറൽ നിന്ന് 50 കിലോമീറ്ററാക്കി വർധിപ്പിച്ച് അതിനുള്ളിൽ വരുന്ന മുസ്‍ലിം മത സ്ഥാപനങ്ങൾ മാത്രമാണ് രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പറഞ്ഞ് പക്ഷപാതപരമായി പൊളിച്ചുനീക്കുന്നത്. നിയമപരമായല്ല ഈ പൊളിച്ചുനീക്കൽ. കാട്ടുനിയമമാണ് നടപ്പാക്കുന്നത്. പൊളിച്ചുനീക്കാൻ നൽകിയ ആയിരത്തിലേറെ നോട്ടീസിൽ ഒന്നിൽ പോലും രാജ്യസുരക്ഷയുടെ കാര്യം പറയുന്നുപോലുമില്ല. കഴിഞ്ഞ മാസം 17ന് നോട്ടീസ് ലഭിച്ചവർ പിറ്റേന്ന് രാവിലെ രേഖകളുമായി അത് ഹാജരാക്കാൻ പറഞ്ഞ ഓഫിസിൽ നിൽക്കുമ്പോൾ ബുൾഡോസർ ഇറക്കി പൊളിച്ചുകൊണ്ടിരിക്കുന്നത് ഏത് മാർഗനിർദേശ പ്രകാരമണെന്ന് ശാഫി മദനി ചോദിച്ചു. അനധികൃതമായി കൈവശം വെക്കുന്നുവെന്ന് പറയുന്ന ഭൂമിയിലുള്ള പള്ളിയും മദ്റസയും ദർഗയും പൊളിച്ചുനീക്കുമ്പോൾ അതേ ഭൂമിയിലെ ക്ഷേത്രങ്ങൾ തൊടുന്നില്ല. തങ്ങൾ വിചാരിക്കുന്നതെന്തോ അത് ചെയ്യുമെന്നും ആർക്കും തങ്ങളെ തടയാനാവില്ലെന്നും പറഞ്ഞ് ഒരു മതസമുദായത്തെ മാത്രം ഭയപ്പാടിൽ നിർത്തുകയാണ്.

സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയും ധ്രുവീകരണത്തിന്റെ രാഷ്ട്രീയവും മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള തന്ത്രവുമാണ് രാജ്യവ്യാപകമായ പൊളിച്ചുനീക്കൽ എന്നും അതിന് വികസനത്തിന്റെയും കൈയേറ്റത്തിന്റെയും അനധികൃത നിർമാണത്തിന്റെയുമൊക്കെ പേര് പറഞ്ഞ് ജനങ്ങളെ നിശബ്ദരാക്കുകയണെന്നും ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു. ജമാഅത്തിന്റെ നേതൃത്വത്തിൽ നിയമ നടപടിയുമായി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് രാജസ്ഥാനിലേത് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വാരണാസിയിൽ നിയമവിരുദ്ധമായ പൊളിച്ചുനീക്കൽ തടയില്ലെന്ന നിലപാടാണ് അലഹാബാദ് ഹൈകോടതി എടുത്തതെന്നും ഇത്തരം തീരുമാനങ്ങൾ രാഷ്ട്രീയ സ്വാധീനത്താലാണെന്നും മുഹമ്മദ് സലീം പറഞ്ഞു.

Tags:    
News Summary - More than a thousand mosques, dargahs and madrasas are being demolished in Rajasthan alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.