ന്യൂഡൽഹി: വധശിക്ഷക്ക് വിധേയരാക്കി തിഹാർ ജയിൽ വളപ്പിൽ ഖബറടക്കിയ അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ഖബറിടങ്ങൾ തിഹാർ ജയിലിൽനിന്നു മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി.
കുടുംബത്തിന് വിട്ടുകൊടുത്താൽ കശ്മീരിലേക്ക് കൊണ്ടുപോകുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ്, ഇരുവരുടെയും ഖബറിടങ്ങൾ ജയിലിലെ തീർഥാടന കേന്ദ്രമായി മാറിയെന്ന് ആരോപിച്ച് വിശ്വ വേദിക് സനാതൻ സംഘം സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവകുടീരങ്ങൾ ‘തീർഥാടന’ കേന്ദ്രങ്ങളാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹരജിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകൾ ചോദിച്ചു. പത്ര റിപ്പോർട്ടുകളും സമൂഹമാധ്യമ പോസ്റ്റുകളുമല്ല തെളിവായി വേണ്ടതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെയും ഡൽഹി സർക്കാറിന്റെയും അഭിഭാഷകർ കോടതിയിൽ ഹാജരാകാതിരുന്നതിനെ വിമർശിച്ച കോടതി തെളിവുകൾ സഹിതം വീണ്ടും കോടതിയെ സമീപിക്കാൻ ഹരജിക്കാർക്ക് അനുവാദം നൽകി.
അഫ്സൽ ഗുരുവിനെ സംസ്കരിച്ചിട്ട് 12 വർഷമായില്ലേ എന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. 1984 ഫെബ്രുവരിയിലാണ് മഖ്ബൂൽ ഭട്ടിനെ തൂക്കിലേറ്റിയത്. പാർലമെന്റ് ആക്രമണ കേസിൽ 2013 ഫെബ്രുവരിയിലാണ് അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.