2446 തബ്‌ലീഗ് പ്രവർത്തകരെ വീട്ടിലേക്ക് പറഞ്ഞയക്കും

ന്യൂഡൽഹി: 2446 തബ്‌ലീഗ് ജമാ അത്ത് പ്രവർത്തകരെ ക്വാറന്‍റീൻ സെന്‍ററിൽ നിന്നും വീട്ടിലേക്ക് പറഞ്ഞയക്കണമെന്ന് ഡൽഹി സർക്കാർ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. ഇവരുടെയെല്ലാം കോവിഡ് പരിശോധന പൂർത്തിയാക്കി രോഗമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് സർക്കാർ ആവശ്യമുന്നയിച്ചത്. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തബ്‌ലീഗ് പ്രവർത്തകരെ സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ബസിൽ അവരവരുടെ നാട്ടിലെത്തിക്കുന്നുതിനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് തീരുമാനമെടുക്കുമെന്ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ ഡെപ്യൂട്ടി കമീഷണർമാർക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരാണ് കോവിഡിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയത്.

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 567 വിദേശികളെ ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കിയതിനുശേഷം ഡൽഹി സർക്കാർ പൊലീസിന് കൈമാറി. വിസ ലംഘനമടക്കമുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഇവരെ പൊലീസിന് കൈമാറിയത്. 

അതേസമയം, ക്വാറന്‍റീൻ പൂർത്തിയാക്കിയ തബ് ലീഗുകാരെ പറഞ്ഞയക്കുമെന്നും ഡൽഹിക്ക് പുറത്ത് താമസിക്കുന്നവർക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ പാസുകൾ നൽകുമെന്നും ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി. പള്ളികൾ അടക്കം മറ്റൊരിടത്തും ഇവരെ തങ്ങാൻ അനുവദിക്കില്ല. അതത് സംസ്ഥാനത്തെ നോഡൽ ഓഫിസർമാരുമായി ബന്ധപ്പെട്ട് യാത്രയുടെ ഓരോ  വിശദാംശങ്ങളും ശേഖരിക്കുമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ അറിയിച്ചു. 

Tags:    
News Summary - Delhi govt asks DMs to release 2,446 Tablighi Jamaat members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.