ന്യൂഡൽഹി: മർകസ് നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് ക്വാറൻറീൻ ചെയ്തവരിൽ രോഗ ലക്ഷണങ്ങളൊന്നും കാണിക്കാത്ത 4000 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് തിരിച്ച് നാട്ടിലേക്ക് പോകാമെന്ന് ഡൽഹി സർക്കാർ. മർകസ് സംഭവവുമായി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്ക് ഒഴികെ നാട്ടിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. കേസിൽ ഉൾപ്പെട്ടവരെ പൊലീസ് കസ്റ്റഡിയിലെടുക്കും.
ക്വാറൻറീൻ കാലവധി കഴിഞ്ഞവരിൽ 900 പേർ ഡൽഹി സ്വദേശികളാണ്. മറ്റുള്ളവരിൽ ഭൂരിഭാഗവും തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ റസിഡൻറ് കമീഷണർമാരുമായി ഡൽഹി സർക്കാർ ചർച്ച നടത്തിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ജമാഅത്ത് സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും ഡൽഹിയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 1,500-ലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ നിരവധി വിദേശികളും ഉൾപ്പെട്ടിരുന്നു. തബ്ലീഗ് സംഭവുമായി ബന്ധപ്പെട്ട് രാജ്യത്ത് 25,000 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.
ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സമ്മേളനം നടത്തിയെന്നാരോപിച്ച് തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദിനും മറ്റ് ഏഴ് പേർക്കുമെതിരെ നിസാമുദീൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.