ന്യൂഡൽഹി: ഓൺലൈൻ വാർത്ത പോർട്ടലായ 'ദി വയർ' എഡിറ്റർമാരിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകാൻ ഡൽഹി പൊലീസിന് നിർദേശം നൽകി കോടതി. ബി.ജെ.പി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു പൊലീസ് സ്ഥാപനത്തിലെത്തി ഉപകരണങ്ങൾ പിടിച്ചെടുത്തത്. എന്നാൽ പൊലീസ് നടപടിയിൽ ന്യായമായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി കോടതി ഉപകരണങ്ങൾ തിരിച്ചുനൽകാൻ ഉത്തരവിട്ടത്. 15 ദിവസമാണ് പൊലീസിന് നടപടി പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയം.
കേസിൽ തുടരന്വേഷണം ആവശ്യമാകുമ്പോൾ ഉപകരണങ്ങൾ പരിശോധിക്കേണ്ടിവരുമെന്നും അതിനാൽ വിട്ടുനൽകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസിന്‍റെ വാദം. എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന കാര്യത്തിന് വേണ്ടി കുറ്റാരോപിതരുടെ ഉപകരണങ്ങൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ പൊലീസിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പോർട്ടലിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു, സിദ്ധാർത്ഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാഹ്നവി സെൻ, പ്രൊഡക്റ്റ് കം-ബിസിനസ് ഹെഡ് മിഥുൻ കിഡംബി എന്നിവരുടെ ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. തന്‍റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന വിധത്തിൽ
ദി വയർ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് മാളവ്യ സ്ഥാപനത്തിനെതിരെ പരാതി നൽകിയത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയുടെ പേരന്‍റ് കമ്പനിയായ മെറ്റ ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യക്ക് ചില പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള അധികാരം നൽകിയിട്ടുണ്ട് എന്നായിരുന്നു ദി വയറിന്‍റെ വാർത്ത. ഇത് തനിക്കതിരെയാ മനപൂർവമുള്ള ആക്രമണമാണ് എന്നായിരുന്നു അമിത് മാളവ്യയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.