ഡൽഹി സ്ഫോടനം ഭീകരാക്രമണം തന്നെ; വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്നും കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടക്കുസമീപം തിങ്കളാഴ്ചയുണ്ടായ കാർബോംബ് സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര സർക്കാർ. അടിയന്തര പ്രാധാന്യത്തോടെയും പ്രഫഷനലിസത്തോടെയും അന്വേഷണം നടത്തി കുറ്റക്കാരെയും അവരുടെ പിന്നിലുള്ളവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകി.

ഭീകരതയുടെ എല്ലാ രൂപങ്ങളെയും വിട്ടുവീഴ്ചയില്ലാതെ കഠിനമായി നേരിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സ്ഫോടനത്തിന്റെ അന്വേഷണത്തിന് എൻ.ഐ.എ പത്തംഗ സംഘത്തെ രൂപവത്കരിച്ചു. എൻ.ഐ.എ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഐ‌.ജി, രണ്ട് ഡി‌.ഐ‌.ജിമാർ, മൂന്ന് എസ്‌.പിമാർ, ഡി‌.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന, പുൽവാമയിൽ നിന്നുള്ള ഡോക്ടർ ഉമർ നബിയുമായി ബന്ധപ്പെട്ട മറ്റൊരു കാർ ഫരീദാബാദിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) സംഘം സ്ഥലത്ത് പരിശോധന നടത്തി. ചെങ്കോട്ടക്കുമുന്നിലെ നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ കാർ എത്തുന്നതും പിന്നാലെ സ്ഫോടനം നടക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പൊട്ടിത്തെറിച്ച ഐ 20 കാറിൽ ഉമർ നബി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനത്തിൽ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 27 പേർക്കാണ് പരിക്കേറ്റത്.

യു.പിയിൽ സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ

ലഖ്നോ: ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. 46 കിലോ ഗ്രാം ഹൈഡ്രോ ഫ്ലൂറിക് ആസിഡും രണ്ടരകിലോ സ്ഫോടക വസ്തുവുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായിട്ടുണ്ട്. മുറാാദാബാദിൽനിന്ന് ശുഹൈബ് എന്നയാളാണ് പിടിയിലായവരിൽ ഒരാൾ. ഇയാളിൽനിന്നാണ് ഹൈഡ്രോ ഫ്ലൂറിക് ആസിഡ് പിടിച്ചെടുത്തത്.

വ്യവസായശാലകളിലും മറ്റും തുരുമ്പ് നാശത്തിനെതിരെ ഉപയോഗിക്കുന്ന അമ്ലമാണിത്. കൃത്യമായ രേഖകളില്ലാതെ കൈവശംവെച്ചത് ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയതിന്റെ പുറത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പരാറ്റപ്പുരിൽ വാഹന പരിശോധനക്കിടെയാണ് രണ്ടര കിലോ സ്ഫോടക വസ്തുക്കളുമായി ശോഭിത് കുമാർ, വിജേന്ദ്ര സിങ് എന്നിവർ പിടിയിലായത്. കൃഷിയിടങ്ങളിൽനിന്ന് തെരുവുമൃഗങ്ങളെ ഓടിക്കുന്നതിനായി വാങ്ങിയ രാസവസ്തുക്കളാണിതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

Tags:    
News Summary - Delhi car blast: Govt calls car explosion near Red Fort as 'terrorist incident'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.