പർവേഷ് വർമ
ന്യൂഡൽഹി: യമുന നദീതീര വികസനത്തിനാണ് പാർട്ടിയുടെ പ്രധാന മുൻഗണനയാണെന്ന് ബി.ജെ.പി നേതാവ് പർവേഷ് വർമ. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനിയും മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനുമാണ് പർവേഷ് വർമ.
ഡൽഹിയിലെ ഗ്രാമപ്രദേശങ്ങളെ മുൻ സർക്കാർ അവഗണിച്ചെന്നും റോഡുകൾ മോശമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പിതാവ് പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
"ഡൽഹിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്നത്തോടും കൂടി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിപാലിക്കുന്ന മനോഹരമായ ഒരു ഡൽഹി കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കും" എന്ന ഡൽഹിയിൽ ബി.ജെ.പിക്ക് ലഭിച്ച പിന്തുണക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്ന് 4,089 വോട്ടുകൾക്കാണ് കെജ്‌രിവാളിനെ പർവേഷ് പരാജയപ്പെടുത്തിയത്. 2020ൽ ന്യൂഡൽഹി മണ്ഡലത്തിൽ 21,000ത്തിലേറെ വോട്ടുകൾക്കാണ് കെജ്രിവാൾ ബി.ജെ.പിയുടെ സുനിൽ യാദവിനെ തോൽപിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റൊമേഷ് സബർവാൾ 3220 വോട്ടുകളാണ് നേടിയത്.
അഞ്ചുവർഷം കൊണ്ട് ഡൽഹിയിൽ ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ വലിയ വളർച്ചയാണുണ്ടായത്. മുതിർന്ന ബി.ജെ.പി നേതാവായ സാഹിബ് സിങ് വർമ 1996 ഫെബ്രുവരി മുതൽ 1998 ഒക്ടോബർ വരെയാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി രാജ്യതലസ്ഥാനത്ത് അധികാരത്തിൽ തിരികെ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.