ഡൽഹി പിടിക്കാൻ പതിനെട്ടടവും പയറ്റിയ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസിനെ അധികാരത്തിൽനിന്നിറക്കാൻ ആർ.എസ്.എസ് കാർമികത്വത്തിൽ അണ്ണാഹസാരെയുടെ നേതൃത്വത്തിൽ അരങ്ങേറിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഗുണഫലം കേന്ദ്രത്തിലെന്ന പോലെ ഡൽഹിയിലും ആസ്വദിക്കാമെന്ന ബി.ജെ.പിയുടെ മനക്കോട്ട തകർത്തായിരുന്നു ആം ആദ്മി പാർട്ടിയുടെ കടന്നുവരവ്. ഡൽഹിയിൽ ഷീലാ ദീക്ഷിതിന്റെയും കോൺഗ്രസിന്റെയും ഭരണത്തിന് അറുതിവരുത്തിയ കെജ്രിവാളും ആം ആദ്മി പാർട്ടിയും നരേന്ദ്ര മോദി കേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയശേഷവും ഡൽഹി ഭരിച്ചപ്പോൾ ബി.ജെ.പിയുടെ കണക്കുകൂട്ടൽ പിന്നെയും പിഴച്ചു.

ബി.ജെ.പിയുടെ ബി ടീമെന്ന ആക്ഷേപം നേരിടുമ്പോൾ തന്നെ നരേന്ദ്ര മോദിയെയും അമിത്ഷായെയും നിരന്തരം വെല്ലുവിളിച്ചും പേരെടുത്ത് വിമർശിച്ചും കെജ്രിവാൾ ബി.ജെ.പിക്കുമുന്നിൽ രാഷ്ട്രീയ ഭീഷണിയായി നിലനിന്നു. അധികാരത്തിന്റെയും പണത്തിന്റെയും സംവിധാനങ്ങളുടെയും ബലത്തിൽ വിഘ്നങ്ങളെല്ലാം തട്ടിമാറ്റിയാണ് ബി.ജെ.പി ഒടുവിൽ കെജ്രിവാളിനെ വീഴ്ത്തിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സ്ഥാപക നേതാക്കളെ കേസിൽപ്പെടുത്തി പാർട്ടിയെ നിർവീര്യമാക്കാനായിരുന്നു ആദ്യം നോക്കിയതെങ്കിലും ഫലം കണ്ടില്ല. മന്ത്രി സത്യേന്ദ്ര ജെയിനിനെയും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും കേന്ദ്ര ഏജൻസികൾ പിടികൂടി ജയിലിലടച്ചിട്ടും കെജ്രിവാൾ വഴങ്ങിയില്ല. ഒടുവിൽ സാക്ഷാൽ കെജ്രിവാളിനെ തന്നെ ജയിലിലടച്ചു.

ജയിലിൽ കിടന്നിട്ടും രാജിവെക്കാതിരുന്ന കെജ്രിവാൾ, ഭാര്യയെ രംഗത്തിറക്കിയും വിശ്വസ്തയെ ഭരണമേൽപിച്ചും ഭീഷണികൾക്ക് വഴങ്ങാതെ നിന്നു. ഇതിനിടയിൽ വന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് പകരം വീട്ടാൻ തന്റെ ബദ്ധവൈരിയായ കോൺഗ്രസുമായി സഖ്യമുണ്ടാക്കി കെജ്രിവാൾ മോദിക്കും അമിത് ഷാക്കും മുന്നിൽ അടിയറവില്ലെന്ന് പറഞ്ഞു. എന്നാൽ, സി.ബി.ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും മദ്യനയ കേസുകളിലൂടെ കെജ്രിവാളിന്റെ പ്രതിച്ഛായ തകർത്ത ബി.ജെ.പി അതിന് പിന്നാലെ കെജ്രിവാളിന്റെ ബംഗ്ലാവിന് ‘ശീഷ് മഹൽ’എന്ന് പേരിട്ട് വിവാദമുണ്ടാക്കി ആക്രമണം തുടർന്നു.

നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കെജ്രിവാളിനെ വീഴ്ത്താൻ നടത്തിയ നീക്കങ്ങൾ വോട്ടർ പട്ടികയിലെ നീക്കം ചെയ്യലിലും കൂട്ടിച്ചേർക്കലിലുമെത്തി. ഡൽഹി പോലൊരു സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം മാസങ്ങൾക്കകം ആയിരക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റി, ലക്ഷക്കണക്കിന് വോട്ടുകൾ ചേർത്തതിനെതിരെ പരാതിയുമായി കെജ്രിവാളും ആപ്പും കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനുപുറമെ ഡൽഹി പൊലീസ് ബി.ജെ.പിക്ക് മണ്ണൊരുക്കിയതായും പരാതി ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അക്രമങ്ങൾ കൊണ്ട് നേരിട്ടപ്പോൾ നിരവധി ആപ് സ്ഥാനാർഥികളും പ്രവർത്തകരും ആശുപത്രിയിലായെങ്കിലും മുഖ്യമന്ത്രി അതിഷി അടക്കം ആപ് നേതാക്കൾക്കെതിരെയായിരുന്നു പൊലീസ് കേസ്.

Tags:    
News Summary - Delhi Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.