ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 400ലാണ് എത്തി നിൽക്കുന്നത്. നിലവിൽ ഡൽഹിയിലെ കാലാവസ്ഥയും മലിനീകരണത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഏറ്റവും മോശം വായുഗുണനിലവാരം രേഖപ്പെടുത്തിയത് വാസിർപൂറിലാണ്. ഇവിടുത്തെ വായു ഗുണനിലവാര സൂചിക 477 ആണ്. എന്നാൽ തലസ്ഥാനത്തെ 39 ഇടങ്ങളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ലോധിയിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ 301 മുതൽ 400വരെയുള്ള വായുമലിനീകരണം ‘വളരെ മോശം’ വിഭാഗത്തിലും 401മുതൽ 509 വരെ ‘ഗുരുതര’ വിഭാഗവുമായാണ് കണക്കാക്കുന്നത്.
നിലവിൽ ഡൽഹിയിലെ 21സ്ഥലങ്ങളിൽ വായുഗുണവാരനില അതിഗുരുതരമാണ്. ആനന്ദ് വിഹാർ 427, ആർ.കെ പുരം 424, പഞ്ചാബി ബാഗ് 441, മുണ്ട്ക 441 , ജഹാംഗീർപുരി 453, ബുരാരി ക്രോസിംഗ് 410, ബവാന 443 തുടങ്ങിയ ഇടങ്ങളിൽ ‘ഗുരുതരമായ’ വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്. അതിനിടെ വരും ദിവസങ്ങളിൽ ഡൽഹിയുടെ വായു ഗുണനിലവാരം കൂടുതൽ വഷളാകാനും ‘തീവ്ര’ വിഭാഗത്തിലെത്താനും സാധ്യതയുണ്ടെന്നാണ് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം പറയുന്നത്.
ഡൽഹിയിലെ മലിനീകരണത്തിന് വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കലും കാരണമാണെന്ന് പുനെയിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വിലയിരുത്തി. വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡിസംബർ മാസങ്ങളിൽ ഡൽഹിയിലെ സ്കൂളുകളിൽ കായിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചു. ഈ കാലയളവിൽ കായിക പ്രവർത്തനങ്ങൾ അനുവദിക്കുന്നത് കുട്ടികളെ ഗ്യാസ് ചേമ്പറിൽ അടക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു.
നിലവിൽ ഡൽഹിയിലെ കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയേക്കാൾ 2.1 ഡിഗ്രി കുറവാണ്. തുടർന്നുള്ള ദിവസങ്ങളിൽ മിതമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നതാണ്. മാത്രവുമല്ല അന്തരീക്ഷ മലിനീകരണവും നഗരത്തിലെ ശൈത്യകാല വായുവും ഒരുമിച്ചത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരത്തിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.