ന്യൂഡൽഹി: ഡൽഹിയിൽ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങൾ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു.
ഡൽഹിയിലെ വായുഗുണനിലവാരം മോശമായതിൽ നിന്നും ഏറ്റവും മോശമായതിലേക്ക് മാറിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലേക്ക് എത്തി. ബവാന-471, അശോക് വിഹാർ, ജഹനഗിരിപുര-466, മുണ്ട്ക, വാസിർപൂർ-463, ആനന്ദ് വിഹാർ, ഷാഹിദ്പൂർ, വിവേക് വിഹാർ-457, രോഹിണി, പഞ്ചാബ് ബാഗ് 449,447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക.
വായുഗുണനിലവാരം മോശമാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. കണ്ണിലുള്ള പ്രശ്നങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതുമൂലം ആളുകൾക്ക് അനുഭവപ്പെട്ടേക്കാം. വായുഗുണനിലവാരം അളക്കുന്ന 33 സ്റ്റേഷനുകളിൽ 22 എണ്ണവും ഡൽഹിയിലേത് മോശം അവസ്ഥയിലാണെന്നാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഡൽഹിയുടെ സമീപപ്രദേശങ്ങളായ നോയിഡയും ഗുരുഗ്രാമിലും വായുഗുണനിലവാര 308, 307 എന്നിങ്ങനെയാണ്. ഗാസിയാബാദിൽ വായുഗുണനിലവാരം 372 ആണ്. അതേസമയം, ഫരീദബാദിൽ മലിനീകരണം കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.