മുംബൈ: ടാഡ നിയമപ്രകാരം ഭീകരവാദ കേസിൽ അറസ്റ്റിലായ 11 പേരെ 25 വർഷത്തിനുശേഷം കോടതി കുറ്റമുക്തരാക്കി. ബാബരി മസ്ജിദ് തകർത്തതിനും മുംബൈയിൽ നടന്ന വർഗീയ ലഹളക്കും പകരംവീട്ടാൻ മഹാരാഷ്ട്രയിൽ സ്ഫോടനം ആസൂത്രണം ചെയ്യുകയും ആയുധ പരിശീലനം നേടുകയും ചെയ്തെന്ന് ആരോപിച്ചാണ് 11 മുസ്ലിം യുവാക്കളെ 1994 േമയ് 28ന് അറസ്റ്റ് ചെയ്തത്.
ഭുസാവലിലുള്ള വൈദ്യുത നിലയം, റെയിൽവേ സ്റ്റേഷൻ, സൈനിക ആയുധപ്പുര എന്നിവിടങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്തെന്ന് ആരോപിച്ചായിരുന്നു കുറ്റം ചുമത്തിയത്. അന്ന് അറസ്റ്റിലായ ജമീൽ അഹമദ് അബ്ദുല്ല ഖാൻ, മുഹമ്മദ് യൂനുസ് മുഹമ്മദ് ഇസ്ഹാഖ്, ഫാറൂഖ് നസീർ ഖാൻ, യൂസുഫ് ഗുലാബ് ഖാൻ, അയ്യൂബ് ഇസ്മായിൽ ഖാൻ, വസീമുദ്ദീൻ ശംസുദ്ദീൻ, ശൈഖ് ശാഫി അസീസ്, ഇഷ്ഫാഖ് സയ്യിദ് മുർതജമീർ, മുംതാസ് സയ്യദ് മുർതജ മീർ, ഹാറൂൻ മുഹമ്മദ് ബാഫതി, അബ്ദുൽ ഖാദർ ഹബീബി എന്നിവരെയാണ് നാസികിലെ പ്രത്യേക ടാഡ കോടതി ജഡ്ജി എസ്.സി ഖാതി വെറുതെവിട്ടത്. പ്രതികൾെക്കതിരെ തെളിവ് കണ്ടെത്താനായില്ലെന്നും ചട്ടങ്ങൾ ലംഘിച്ചാണ് ടാഡ ചുമത്തിയതെന്നും വ്യക്തമാക്കിയാണ് വിധി.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞവർഷം ജൂണിലാണ് വിചാരണ തുടങ്ങിയത്. വിചാരണ ഭുസാവലിൽനിന്ന് നാസിക്കിലേക്ക് മാറ്റുകയും ചെയ്തു. ടാഡ നിയമം ചുമത്തിയതിനെതിരെയുള്ള ഹരജികളിൽ കേസ് നീളുകയായിരുന്നു. ‘ഭുസാവൽ അൽ ജിഹാദ്’ എന്ന ‘ഭീകര’ സംഘടനയിലെ പ്രവർത്തകരാണ് അറസ്റ്റിലായവർ എന്നായിരുന്നു പൊലീസ് ഭാഷ്യം.
യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുകയും പരിശീലനം നൽകാൻ ശ്രമിക്കുകയും ചെയ്തതായും ആരോപിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴിയാണ് ഏക തെളിവ്. എന്നാൽ, ബലം പ്രയോഗിച്ചാണ് കുറ്റസമ്മതം നടത്തിച്ചതെന്നും ഇത് കോടതിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ള പ്രതിഭാഗ വാദം കോടതി അംഗീകരിച്ചു. പ്രതിയെ തന്നെ സാക്ഷിയാക്കിയതും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ടാഡ കേസിൽ അന്വേഷണം നടത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണെന്നിരിക്കെ ഇവരുടെ കേസ് അന്വേഷിച്ചത് അസിസ്റ്റൻറ് ഇൻസ്പെക്ടറാണെന്ന വാദവും കോടതി പരിഗണിച്ചു.
അറസ്റ്റിലായി ഒരു മാസത്തിനകം കേസിൽ ജാമ്യം ലഭിച്ചെങ്കിലും തീവ്രവാദികളെന്ന ആരോപണത്തിൽനിന്ന് മുക്തമാകാൻ കാൽ നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നതായി കുറ്റമുക്തമായവർ പറഞ്ഞു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിെൻറ നിയമസഹായ സെല്ലാണ് ഇവർക്കായി വാദിച്ചത്. നീതി ലഭിച്ചെങ്കിലും ഭീകരവാദ കേസിെൻറ പേരിൽ നഷ്ടപ്പെട്ട ഇവരുടെ യൗവനം ആര് തിരിച്ചുനൽകുമെന്ന് നിയമ സെൽ മേധാവി ഗുൽസാർ ആസ്മി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.