കൊൽക്കത്ത: 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നുള്ള ഭീതിയിൽ ബംഗാളിൽ ആളുകൾ മരണപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം സംഭവിച്ച 60 കാരിയുടെ മരണത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മൂലം സംഭവിച്ച സംസ്ഥാനത്തെ മൂന്നാമത്തെ മരണമായി ഭരണകക്ഷിയായ തൃണമൂൽ വിശേഷിപ്പിച്ചു.
കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ ഡാങ്കുനിയിൽ 20-താം വാർഡിൽ മകളോടൊപ്പം താമസിച്ചിരുന്ന ഹസീന ബീഗം, ഞായറാഴ്ച രാത്രി ഒരു കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. അവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, ബംഗാളിനും മറ്റ് 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എസ്.ഐ.ആർ പ്രഖ്യാപിച്ചതു മുതൽ ഹസീന കടുത്ത ഉത്കണ്ഠയിൽ ആയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
മരിക്കുന്നതിന്റെ തലേദിവസം ഡാങ്കുനിയിലെ വാർഡ് 20ലെ നിവാസികൾ എസ്.ഐ.ആറിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാനായി യോഗം ചേർന്നിരുന്നു. അതിൽ ഹസീനയും പങ്കെടുത്തിരുന്നു.
എന്ത് സംഭവിക്കുമെന്നോർത്ത് അവർക്ക് വളരെ ആശങ്കയും ഉത്കണ്ഠയും ഉണ്ടായിരുന്നുവെന്നും ശരിക്കും ഭയത്തിലായിരുന്നുവെന്നും അവരുടെ അയൽക്കാരൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡാങ്കുനി മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ഹസീന ഷബ്നം കുടുംബാംഗങ്ങളെ സന്ദർശിച്ചു. ‘2002ലെ പട്ടികയിൽ അവരുടെ പേര് ഇല്ലായിരുന്നു. തനിക്കും കുട്ടികൾക്കും എന്ത് സംഭവിക്കുമെന്ന് അവർ ആശങ്കാകുലരായിരുന്നു’വെന്ന് ഷബ്നവും മാധ്യമങ്ങളോട് പറഞ്ഞു. അയൽപ്രദേശമായ 20താം വാർഡിലെ മറ്റൊരു വയോധികനെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
എസ്.ഐ.ആറിന്റെ പ്രഖ്യാപനം വന്ന് ഒരു ദിവസത്തിനുള്ളിൽ നോർത്ത് 24പർഗാനാസിലെ പാനിഹതിയിൽ നിന്നുള്ള 57 കാരനായ പ്രദീപ് കാർ ആത്മഹത്യ ചെയ്തു. തന്റെ മരണത്തിന് എസ്.ഐ.ആർ ആണ് കാരണമെന്ന് ഒരു കുറിപ്പിൽ എഴുതിവെച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ബിർഭുമിലെ ഇലംബസാറിൽ താമസിക്കുന്ന 95 വയസ്സുള്ള ക്ഷിതിഷ് മജുംദാറും എസ്.ഐ.ആറിന്റെ പേരിൽ ആത്മഹത്യ ചെയ്തു. വടക്കൻ ബംഗാളിൽ മറ്റൊരാൾ ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇത്തരത്തിൽ തുടരുന്ന മരണങ്ങളിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി തൃണമൂൽ രംഗത്തെത്തി. ‘എസ്.ഐ.ആറിൽ മരണനിരക്ക് വർധിക്കുന്നു. നമ്മൾ ഇപ്പോൾ കാണുന്നത് ആസൂത്രിതമായ ഒരു ഭീകരവാദ പ്രചാരണമാണ്. അതിന്റെ പ്രവചനാതീതമായ മാരകമായ പ്രത്യാഘാതങ്ങൾ ഇപ്പോൾ പ്രകടമാകാൻ തുടങ്ങിയിരിക്കുന്നു. എസ്.ഐ.ആറിന്റെ ലക്ഷ്യം ഒരിക്കലും വോട്ടർ പട്ടിക ‘വൃത്തിയാക്കുക’ എന്നതല്ല. അമിത് ഷാ തന്നെ പറഞ്ഞതുപോലെ, ഇത് കണ്ടെത്താനും ഇല്ലാതാക്കാനും നാടുകടത്താനുമുള്ള ഒരു ഉപകരണമാണെന്ന്’ തൃണമൂൽ ‘എക്സി’ൽ പ്രതികരിച്ചു.
എസ്.ഐ.ആർ നടപ്പിലാക്കിയ രീതി ബംഗാളിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ന് വാർഡ് 20ലെ 60 വയസ്സുള്ള ഒരു സ്ത്രീ സ്വന്തം ജീവൻ പണയപ്പെടുത്തി. അതേ ഭീകരത കാരണം അയൽപക്കത്തുള്ള മറ്റൊരാൾ അവരുടെ ആരോഗ്യത്തിനായി പോരാടുകയാണ്’ എന്നും തൃണമൂൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.