‘ചൈനയുടെ തൊട്ടരികിലുള്ള ​പ്രദേശത്ത് ഇത് അപകടകരമാണ്’: ലഡാക്ക് പ്രതിഷേധക്കാരുമായി കേന്ദ്രം എത്രയും വേഗം ചർച്ച നടത്തണമെന്ന് ഫാറൂഖ് അബ്ദുല്ല

​ശ്രീനഗർ: ലഡാക്കിലെ പ്രക്ഷോഭകരോട് കേന്ദ്രം സംസാരിക്കുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും വേണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. പ്രത്യേകിച്ച് ജമ്മു കശ്മീർ ഒരു അതിർത്തി സംസ്ഥാനമായതിനാലും നമ്മുടെ ഭൂമിയുടെ ഭൂരിഭാഗവും ഇതിനകം ചൈനയുടെ നിയന്ത്രണത്തിലാണ് എന്നതിനാലും ഇത് രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലേയിൽ ലഡാക്കിന് സംസ്ഥാന പദവിയും പ്രത്യേക പദവിയും ആവശ്യപ്പെട്ട് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പിറ്റേ ദിവസമാണ് മാധ്യമ പ്രവർത്തകരുടെ മുമ്പാകെ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയുടെ ഈ പ്രസ്താവന.

‘ഇന്ന് ലഡാക്കിൽ പ്രത്യേകിച്ച് ലേയിൽ, യുവാക്കൾ തെരുവിലിറങ്ങിയ വളരെ ഗുരുതരമായ ഒരു പ്രശ്നം നമ്മൾ നേരിടുന്നു. കഴിഞ്ഞ 14 ദിവസമായി അവർ നിരാഹാര സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ആറാം ഷെഡ്യൂൾ പദവിയും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് അവർ നിശബ്ദമായി പ്രതിഷേധിക്കുന്നു. അവരുടെ നേതാവായ സോനം വാങ്ചുക്ക് ലേയിൽ നിന്ന് ഡൽഹിയിലേക്കുപോലും കാൽനടയായി ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചു. അവർ ഗാന്ധിയൻ രീതികൾ പിന്തുടർന്നു. ഖേദകരമെന്നു പറയട്ടെ ഗാന്ധിയുടെ പാതയിൽ തുടരുന്നതിനുപകരം അവർ പ്രക്ഷോഭം തെരഞ്ഞെടുക്കുകയും വളരെ കടുത നടപടികൾ സ്വീകരിക്കുകയും ചെയ്തു. അവർ ബി.ജെ.പി ഓഫിസിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങൾ കത്തിച്ചു. മറ്റ് ഓഫിസുകൾക്കും തീയിട്ടു. ഇത് പൊലീസിനെ വെടിവെക്കാൻ നിർബന്ധിതരാക്കി. എന്നാൽ, ചർച്ചയിലൂടെ അക്രമം അടിച്ചമർത്തേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അടിവരയിട്ടു.

ഇത് ഒരു അതിർത്തി സംസ്ഥാനമാണെന്നും ചൈന നമ്മുടെ തൊട്ടു മുകളിലാണെന്നും നമ്മുടെ ഭൂരിഭാഗം ഭൂമിയും ഇതിനകം അവരുടെ നിയന്ത്രണത്തിലാണെന്നും ഞാൻ ഇന്ത്യൻ സർക്കാറിനോട് പറയാൻ ആഗ്രഹിക്കുന്നു. ഇത്തരം അസ്വസ്ഥതകൾ ഇവിടെ തുടർന്നാൽ, അത് നമ്മുടെ രാജ്യത്തിന് അപകടകരമാണ്. ദയവായി ഇത് വേഗത്തിൽ പരിഹരിക്കാനും സംഭാഷണത്തിന്റെ പാത സ്വീകരിക്കാനും സമയം ചെലവഴിക്കാതെ ശ്രമിക്കുക. മറ്റൊരു തീപ്പൊരി ആളിക്കത്തുന്നത് വരെ കാത്തിരിക്കരുത്. ഇതിന് പിന്നിൽ ഏതെങ്കിലും ബാഹ്യ ഗ്രൂപ്പുണ്ടെന്ന് താൻ കരുന്നില്ലെന്നും ഫാറുഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.

നിങ്ങൾ ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾക്ക് എവിടെയെന്ന് അവർ പരസ്യമായി ചോദിക്കുകയാണ്. ഉയർന്ന തലങ്ങളിൽ ജോലികളൊന്നുമില്ല. എല്ലാ തസ്തികകളിലും പുറത്തുനിന്നുള്ളവരെ തള്ളിക്കയറ്റുകയാണ്. തങ്ങളെ ഒരു ‘കോളനി’ മാത്രമാക്കി മാറ്റിയതായി ജനങ്ങൾക്ക് തോന്നുന്നു. ഇക്കാരണത്താൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ടാലും അവകാശങ്ങൾ നേടിയെടുക്കണം എന്നൊരു മനോഭാവം ഉയർന്നുവന്നിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘Dangerous for our nation’: Farooq Abdullah says Delhi must speak to Ladakh protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.