മംഗോളിയന്‍ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: യുഎസില്‍ ജനിച്ച മംഗോളിയന്‍ ബാലനെ ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ഉന്നത ബുദ്ധ ആത്മീയ നേതാവ് ദലൈ ലാമയാണ് എട്ടുവയസുകാരനെ പത്താമത്തെ `ഖല്‍ക ജെറ്റ്‌സുന്‍ ധാംപ റിമ്പോച്ചെ'യായി നാമകരണം ചെയ്തത്‌.

ദലൈലാമ ഇപ്പോള്‍ താമസിക്കുന്ന ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് ചടങ്ങ് നടന്നത്. മാര്‍ച്ച് എട്ടിന് നടന്ന ചടങ്ങില്‍ റിന്‍പോച്ചെയെയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടിയ്‌ക്കൊപ്പം ദലൈലാമ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

പുതിയ റിന്‍പോച്ചെയുടെ പിതാവ് സര്‍വകലാശാല അധ്യാപകനും മുത്തച്ഛന്‍ മുന്‍ മംഗോളിയന്‍ പാര്‍ലമെന്റംഗവുമാണ്. കുട്ടിക്ക് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്. ലാമയെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് ഭരണകൂടത്തില്‍ നിക്ഷിപ്തമാണെന്നാണ് ചൈനയുടെ വാദം. അതിനാല്‍ത്തന്നെ പുതിയ ലാമയുടെ തെരഞ്ഞെടുപ്പ് ചൈനയുടെ അതൃപ്തിക്കിടയാക്കുമെന്നാണ് സൂചന.

1995-ല്‍ ദലൈലാമ തെരഞ്ഞെടുത്ത 11-ാമത് പഞ്ചേം ലാമയേയും കുടുംബത്തേയും ചൈനീസ് അധികൃതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ലാമയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ടിബറ്റന്‍ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നത ആത്മീയഗുരുവായ പഞ്ചേം ലാമയായി ചൈന മറ്റൊരാളെ അവരോധിക്കുകയും ചെയ്തിരുന്നു.


Tags:    
News Summary - Dalai Lama names US-born Mongolian boy as as 3rd highest leader in Buddhism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.