ഹിമാചൽ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75-ാം ജന്മദിനാശംസകൾ നേർന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സെൻട്രൽ തിബത്തൻ അഡ്മിനിസ്‌ട്രേഷന്റെ വെബ്സൈറ്റിൽ പങ്കുവെച്ച കത്തിലാണ് ദലൈലാമ ആശംസകളറിയിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച ഒരു അതിഥി എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യം കൈവരിച്ച ദൂരവ്യാപകമായ വികസനത്തിനും പുരോഗതിക്കും താൻ സാക്ഷിയാണെന്നും അടുത്തിടെയായി രാജ്യം നേടിയ വളർച്ചയിലും ശക്തിയിലും മോദിയെ അഭിനന്ദിക്കുന്നുവെന്നും ദലൈലാമ കത്തിൽ എഴുതി. ലോകത്തിന് സമാധാനത്തിന്റെയും സ്ഥിരതയുടെയും മാതൃകയാണ് ഇന്ത്യയെന്നും അവരുടെ വിജയം ആഗോള വികസനത്തിന് സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആഴത്തിൽ വേരൂന്നിയ മതനിരപേക്ഷ മുറുകെപ്പിടിക്കുന്ന ഇന്ത്യയോടുള്ള തന്റെ ആദരവ് പതിവായി പ്രകടിപ്പിക്കാറുണ്ടെന്നും ദലൈലാമ ചൂണ്ടിക്കാട്ടി. തിബത്തുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ തങ്ങളുടെ ആത്മീയ പൈതൃകത്തിന്റെ ഉറവിടവും 66 വർഷത്തിലേറെയായി തങ്ങളുടെ ഭൗതിക ഭവനം കൂടിയാണെന്നും ദലൈലാമ വിശേഷിപ്പിച്ചു. തിബത്തൻ ജനതക്ക് ഉദാരമായ ആതിഥ്യം നൽകിയതിന് ഇന്ത്യാ ഗവൺമെന്റിനും ജനങ്ങൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നുവെന്നും ദലൈലാമ കത്തിൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നിരവധി പ്രമുഖരും രാഷ്ട്രീയക്കാരും ആശംസയുമായി രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സേവാ പക്ഷ്‍വാഡ'ക്ക് ബി.ജെ.പി തുടക്കം കുറിച്ചു.
ബി.ജെ.പി ഭരണത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒക്ടോബർ രണ്ട് വരെ രാജ്യത്തുടനീളം ആരോഗ്യ ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, സാംസ്കാരിക പരിപാടികൾ, തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മേളകൾ തുടങ്ങിയ നിരവധി ക്ഷേമ, വികസന പരിപാടികൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.