ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്; അതിജാഗ്രത; ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ബിപോര്‍ജോയ്' വൈകീട്ട് ആറോടെ ഗുജറാത്ത് തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തീരദേശ ജില്ലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

നിലവില്‍ ഗുജറാത്ത് തീരത്തുനിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ബിപോര്‍ജോയ് ആറ് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താന്‍ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്ററിൽനിന്ന് ചുഴലിക്കാറ്റിന്‍റെ വേഗത 110 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ മുതല്‍ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ അധ്യക്ഷതയിൽ സുരക്ഷ അവലോകന യോഗം ചേർന്നു. കച്ച്, ജാംനഗർ, മോർബി, രാജ്‌കോട്ട്, ദേവഭൂമി ദ്വാരക, ജുനഗഡ്, പോർബന്തർ, ഗിർ സോമനാഥ് എന്നീ തീരദേശ ജില്ലകളിൽനിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.

ബിപോര്‍ജോയ് കൂടുതല്‍ നാശംവിതക്കുമെന്ന് കരുതുന്ന കച്ച് ജില്ലയിലെ തീരപ്രദേശത്തുനിന്ന് മാത്രം 34,300 പേരെ മാറ്റിയിട്ടുണ്ട്. 76 ട്രെയിന്‍ സര്‍വിസുകൾ പൂര്‍ണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 15 കപ്പലുകളും ഏഴ് വിമാനങ്ങളും ഹെലികോപ്റ്ററുകളും നിരവധി ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മത്സ്യബന്ധനം വെള്ളിയാഴ്ച വരെ വിലക്കി.

Tags:    
News Summary - Cyclone Biparjoy Landfall In Hours, Nearly 1 Lakh Evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.