സൈബര്‍ സുരക്ഷ വെല്ലുവിളിയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പണഞെരുക്കത്തിന് ബദല്‍വഴിയെന്നോണം ഡിജിറ്റല്‍ പണമിടപാട് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനോട് ധനമന്ത്രാലയത്തിന്‍െറ കൂടിയാലോചന സമിതി യോഗത്തില്‍ എം.പിമാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അതിവേഗം ഡിജിറ്റല്‍ പണമിടപാടിലേക്ക് കുതിച്ചാല്‍ സൈബര്‍ സുരക്ഷ വലിയ വെല്ലുവിളിയായിരിക്കുമെന്ന് എം.പിമാര്‍ പറഞ്ഞു. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സുരക്ഷക്ക് ഭീഷണിയുണ്ടാകാം. ഗ്രാമീണ മേഖലയിലെ മൊബൈല്‍ ഡാറ്റ സമ്പര്‍ക്ക സംവിധാനം ദുര്‍ബലമാണ്. മുടക്കമില്ലാത്ത ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകേണ്ടതുണ്ട്. ബാങ്ക് ഇടപാടിന് ആധാര്‍ മാത്രം അടിസ്ഥാനമാകരുതെന്നും സമിതി അംഗങ്ങള്‍ വാദിച്ചു.

എന്നാല്‍, സൈബര്‍ സുരക്ഷ സംബന്ധിച്ച വെല്ലുവിളികള്‍ റിസര്‍വ് ബാങ്കിന് അറിയാമെന്നും വീഴ്ചകള്‍ തടയാന്‍ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കുമെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചത്. അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ തത്തുല്യ തുകക്ക് പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ളെന്ന നയം അദ്ദേഹം ആവര്‍ത്തിച്ചു.

നോട്ടുക്ഷാമത്തില്‍ ഒരു പങ്ക് ഡിജിറ്റല്‍ ഇടപാടുവഴി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി യോഗത്തില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ നോട്ടുള്ള സമ്പദ്വ്യവസ്ഥ ചെലവേറിയതാണ്. അതിന് സാമൂഹികമായ പ്രത്യാഘാതങ്ങളുണ്ട്.

നിലവിലെ ചാര്‍ജുകള്‍ കുറച്ച് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുമെന്നും കുറഞ്ഞ എണ്ണം നോട്ടുകളുള്ള സമ്പദ്വ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് സമാന്തര സംവിധാനമാണ്. അത് നോട്ടിന് പകരമല്ല. ഒരു സമ്പദ്വ്യവസ്ഥക്കും നോട്ട് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - cyber security in online money transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.