ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ 32-കാരനായ തോട്ടം തൊഴിലാളി സുശാന്ത് സാഹു പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. ക്രൂരമായ മർദനത്തെ തുടർന്നാണ് സുശാന്ത് സാഹു മരിച്ചത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗഞ്ചാം ജില്ലാ കളക്ടറോടും സൂപ്രണ്ടിനോടും മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട് . സുശാന്ത് സാഹുവിനെ കബിസൂര്യനഗർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം കോടതിയിൽ ഹാജരാക്കാതെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ബന്ധുക്കൾക്ക് കൈമാറിയ സാഹു മേയ് 31-ന് ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ ജനകീയ പ്രതിഷേധം അരങ്ങേറി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു ഹോം ഗാർഡിനെ ജോലിയിൽ നിന്നും നീക്കി. എഫ്.ഐ.ആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. കസ്റ്റഡി മരണം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ബിജു ജനതാദൾ (ബി.ജെ.ഡി) എം.പി മാനസ് മംഗരാജ് കുറ്റപ്പെടുത്തി. ഒഡീഷയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കസ്റ്റഡി മരണമാണിതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാവപ്പെട്ട തൊഴിലാളിയായതിനാലാണ് സുശാന്തിന് ഈ ഗതി വന്നതെന്നും അവർ കൂട്ടിച്ചേർത്തു. പാർലമെന്റ് രേഖകൾ പ്രകാരം ഒഡീഷയിൽ കസ്റ്റഡി മരണങ്ങൾ വൻതോതിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബീഹാറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ (19 കേസുകൾ) റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.