നോട്ട് ക്ഷാമം അതിരൂക്ഷം


തിരുവനന്തപുരം: ബാങ്കുകളില്‍ നോട്ട് ക്ഷാമം അതിരൂക്ഷം. റിസര്‍വ് ബാങ്കില്‍നിന്ന് ആവശ്യത്തിന് പണം ബാങ്കുകള്‍ക്ക് കിട്ടാതായതോടെ ബാങ്ക് ശാഖകള്‍ കടുത്ത സമ്മര്‍ദത്തിലായി. തുടര്‍ച്ചയായ അവധിക്കുശേഷം ഇടപാടുകാര്‍ കൂട്ടത്തോടെ എത്തിയതോടെ പണം നല്‍കാന്‍ ബാങ്കുകള്‍ പാടുപെടുകയാണ്. വന്‍ തിരക്കാണ് ബാങ്കുകളില്‍.നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ മാത്രമാണ് കടുത്ത പണക്ഷാമം നേരിടാത്തത്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. എ.ടി.എമ്മുകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞിരിക്കുകയാണ്. ഉള്ളതിലാവട്ടെ,  2,000 രൂപയുടെ നോട്ടും. 

എസ്.ബി.ടി, എസ്.ബി.ഐ, കനറാ ബാങ്ക് തുടങ്ങിയവ കിട്ടുന്ന പണത്തില്‍നിന്ന് ട്രഷറിക്ക് പണം നല്‍കണം. ഇതുമൂലം ബ്രാഞ്ചുകളില്‍ ആവശ്യത്തിന് പണമത്തെിക്കാനാകുന്നില്ല. കിട്ടുന്നതില്‍ പകുതിയോളം ട്രഷറിക്ക് നല്‍കുന്നെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ ബ്രാഞ്ചുകളും എ.ടി.എമ്മുകളും എസ്.ബി.ടിക്കാണ്. അവരും എ.ടി.എമ്മുകളില്‍ 2,000 രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്. 2,000 രൂപക്ക് താഴെ പണമെടുക്കാന്‍ എ.ടി.എമ്മില്‍ പോകുന്നവര്‍ക്ക് അതിന് സാധിക്കുന്നില്ല. ഒരു ട്രഷറിയില്‍ ബുധനാഴ്ച  ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണം കിട്ടിയില്ല. 
പലയിടത്തും പണം നല്‍കാത്തതിനെച്ചൊല്ലി ബാങ്ക് ജീവനക്കാരും ഇടപാടുകാരുമായി തര്‍ക്കവും ഉണ്ടാകുന്നു. സംസ്ഥാനത്തെമ്പാടും നീണ്ട നിരയാണ് ബാങ്കുകള്‍ക്കുമുന്നില്‍. ടോക്കണ്‍ നല്‍കിയാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. എ.ടി.എമ്മുകള്‍ കുറവായതും ഉള്ളതില്‍ പണമില്ലാത്തതും ഗ്രാമങ്ങളില്‍ പ്രശ്നം രുക്ഷമാക്കുന്നു. 

500 രൂപ ഇനി അക്കൗണ്ടിലേക്ക് മാത്രം???
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. വെള്ളിയാഴ്ച മുതല്‍ പഴയ 500 രൂപ നോട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ. അസാധുവാക്കിയ 500, 1000 രൂപ നോട്ട് കൈവശമുള്ളവര്‍ക്ക് ഈ മാസം 30 വരെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ അവസരമുണ്ട്.  മരുന്ന് വാങ്ങുന്നതിനും വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടങ്ങിയവ അടക്കുന്നതിനും പഴയ 500 രൂപ നോട്ട് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതാക്കിയത്. വ്യാഴാഴ്ച  അര്‍ധരാത്രി മുതല്‍ എല്ലാ ഇളവുകളും ഇല്ലാതാക്കാന്‍ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.  


 

Tags:    
News Summary - currency crisis kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.