കൊൽക്കത്ത: മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചയുടൻ യുവതി മരിക്കുകയും മറ്റു നാലു അമ്മമാർ ഗുരുതരാവസ്ഥയിലാകുകയും ചെയ്‌തതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത 12 ഡോക്ടർമാർക്കെതിരെ മനഃപൂർവമായ നരഹത്യ കുറ്റം ചുമത്തി പശ്ചിമ ബംഗാൾ സി.ഐ.ഡി. ആഗസ്റ്റ് 9ന് ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ സുപ്രധാന വിധി വരുന്നതിന് തൊട്ടു മുമ്പാണ് ഡോക്ടർമാർക്കെതിരായ ഈ നീക്കം.
മിഡ്‌നാപൂർ പട്ടണത്തിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ തയ്യാറാക്കിയ എഫ്.ഐ.ആറിൽ ഡോക്ടർമാരുടെ അശ്രദ്ധമായ പ്രവൃത്തികൾ മനുഷ്യജീവൻ അപകടപ്പെടുത്തുന്നതായും പൊതുപ്രവർത്തകരെന്ന നിലയിൽ ബോധപൂർവം നിയമം അനുസരിക്കാതെയും മുറിവേൽപ്പിക്കുന്ന രീതിയിൽ പെരുമാറിയെന്നും ആരോപിക്കുന്നു.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 പ്രകാരം ജാമ്യമില്ലാ കുറ്റം, അഞ്ചു വർഷത്തിൽ കുറയാത്ത തടവു മുതൽ ജീവപര്യന്തം വരെ ശിക്ഷയും ലഭിക്കാം.
സീനിയർമാരുടെ മേൽനോട്ടമില്ലാതെ അഞ്ച് സ്ത്രീകളെ ബിരുദാനന്തര ബിരുദധാരികൾ സിസേറിയന് വിധേയരാക്കിയയെന്നാണ് ഡോക്ടർമാർക്കെതിരെയുള്ള കുറ്റം. മിഡ്‌നാപൂർ ആശുപത്രിയിൽ ഒരു ആൺകുട്ടിയെ പ്രസവിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് മാമോനി എന്ന യുവതി മരിച്ചത്. മറ്റ് നാല് സ്ത്രീകളിൽ മൂന്ന് പേർ ഇപ്പോൾ കൊൽക്കത്തയിലെ എസ്.എ.എസ്.കെ.എം ആശുപത്രിയിൽ ചികിത്സയിലാണ്.
മിഡ്‌നാപൂരിലെ 12 ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച അറിയിച്ചിരുന്നു. നേരത്തെ ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ സംഘവും സി.ഐ.ഡിയും രണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നു. സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകം ഡോക്ടർമാർക്കെതിരെ സി.ഐ.ഡി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡോക്ടർമാരുടെ പങ്കിനെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. എന്നാൽ, അന്വേഷണത്തിൽ മറ്റുള്ളവർക്ക് പങ്കുള്ളതായി തെളിഞ്ഞാൽ അവർക്കെതിരെയും കേസെടുക്കും.
അതേസമയം, വ്യാജ സലൈൻ കയറ്റിയതിനെ തുടർന്ന് പ്രസവിച്ച ശേഷം യുവതികൾ ഗുരുതരാവസ്ഥയിലായതായി ചില ഡോക്ടർമാർ ആരോപിച്ചു. ഡോക്ടർമാരുടെ അനാസ്ഥക്ക് പുറമെ മിഡ്‌നാപൂർ ആശുപത്രിയിലെ ഓപ്പറേഷൻ സമയത്ത് ഉപയോഗിച്ച ‘റിംഗേഴ്‌സ് ലാക്‌റ്റേറ്റി’ന്റെ ഗുണനിലവാരവും ആശുപത്രി ഭരണകൂടത്തിന്റെ വീഴ്ചയും അന്വേഷിക്കുമെന്ന് സി.ഐ.ഡി ഓഫിസർ പറഞ്ഞു. ഡിസംബറിൽ സംസ്ഥാന സർക്കാർ ഉൽപാദനം നിർത്താൻ പറഞ്ഞ ‘പസ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസ്’ എന്ന കമ്പനിയാണ് ശസ്ത്രക്രിയക്കിടെ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ലാക്റ്റേറ്റ് ലായനി നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.