റാലി മാറ്റാൻ രണ്ട് വട്ടം പറഞ്ഞിട്ടും കേട്ടില്ല; ഒടുവിൽ രാഹുൽ ഗാന്ധിയോട് 20 മിനിറ്റ് ചോദിച്ച് വ്യാപാരികൾ

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ റാംലീലാ മൈതാനത്ത് നവംബർ ഒന്നിന് പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി പ്രഖ്യാപിച്ചിരിക്കുന്ന മഹാറാലി ഉത്സവ സീസണിലെ വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയുമായി വീണ്ടും വ്യാപാരി സംഘടന. റാലി ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് 20 മിനിറ്റ് നീളുന്ന കൂടിക്കാഴ്ച ആവശ്യപ്പെട്ടിരിക്കുകയാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിഷയത്തിൽ സി.ടി.ഐ രാഹുൽ ഗാന്ധിക്ക് കത്തയക്കുന്നത്.

പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്ന മഹാറാലി, വർഷത്തിലെ ഏറ്റവും തിരക്കേറിയ ഉത്സവ വ്യാപാര സീസണിൽ തലസ്ഥാനത്തെ പ്രധാന മാർക്കറ്റുകളുടെ പ്രവർത്തനങ്ങളെ പൂർണമായി സ്തംഭിപ്പിക്കുമെന്ന് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ കത്തിൽ ചൂണ്ടിക്കാട്ടി. റാംലീലാ മൈതാനത്തിന്റെ ഒന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഇരുപതോളം പ്രധാന മൊത്ത-ചില്ലറ വിപണികളിലെ വ്യാപാരി പ്രതിനിധികളാണ് രാഹുൽ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിരിക്കുന്നത്.

'പോരാട്ടമല്ല, ചർച്ചയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്': ബ്രിജേഷ് ഗോയൽ

ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സദാ സന്നദ്ധനാണെന്ന് രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കാറുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സി.ടി.ഐ ചെയർമാൻ കത്ത് നൽകിയിരിക്കുന്നത്'

"ഞങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി ഒരു പോരാട്ടത്തിന് മുതിരുകയല്ല, മറിച്ച് ആരോഗ്യപരമായ സംഭാഷണമാണ് ആഗ്രഹിക്കുന്നത്. താൻ എല്ലാവരെയും കേൾക്കുമെന്നും സാധാരണക്കാരായ ചെറുകിട വ്യാപാരികളുടെ ശബ്ദത്തിന് കാതോർക്കുമെന്നും രാഹുൽ ജി തന്നെ പലപ്പോഴും പറയാറുണ്ട്. അതിനാൽ തലസ്ഥാനത്തെ 20 പ്രധാന വിപണികളിലെ വ്യാപാരികൾക്കായി വെറും 20 മിനിറ്റ് സമയം അദ്ദേഹം അനുവദിക്കണം. അതാണ് ജനാധിപത്യത്തിന്റെ ഭംഗി. ഈ വൻ റാലി വ്യാപാരത്തെ ഉണർത്തുമെന്നും കൂടുതൽ ഉപഭോക്താക്കളെ കടകളിലേക്ക് ആകർഷിക്കുമെന്നും ഞങ്ങളെ ബോധ്യപ്പെടുത്താൻ രാഹുൽ ജിക്ക് സാധിച്ചാൽ ഞങ്ങൾ പ്രതിഷേധത്തിൽ നിന്ന് പൂർണമായും പിന്മാറും. എന്നാൽ, ഈ തിരക്കേറിയ സമയത്ത് റാലി നടത്തുന്നത് വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഞങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാൽ, റാലി ദീപാവലിക്ക് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കാൻ അദ്ദേഹം തയ്യാറാകണം."

— ബ്രിജേഷ് ഗോയൽ വ്യക്തമാക്കി.

ചാന്ദ്‌നി ചൗക്ക്, സദർ ബസാർ, ഖാരി ബാവോലി, ഭാഗീരഥ് പാലസ്, ചാവ്‌രി ബസാർ, കശ്മീരി ഗേറ്റ്, നബി കരീം, കരോൾ ബാഗ്, അജ്മീരി ഗേറ്റ്, ദരിയാഗഞ്ച്, നൈ സഡക്, കിനാരി ബസാർ, ദരിബ കലാൻ, ഫത്തേപുരി, നയാ ബസാർ, ഫിലിംസ്ഥാൻ, പഹർഗഞ്ച്, ഗഫാർ മാർക്കറ്റ്, ജമാ മസ്ജിദ്-മീനാ ബസാർ, ലജ്പത് റായ് മാർക്കറ്റ് എന്നീ പ്രമുഖ മാർക്കറ്റുകളെയാണ് റാലി നേരിട്ട് ബാധിക്കുക.

എന്താണ് റാംലീലാ റാലിയുടെ രാഷ്ട്രീയം?; 'വോട്ട് കവർച്ച' ആരോപണം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തലപ്പത്തുനിന്ന് നീക്കണമെന്നും വോട്ടർപട്ടികയിലെ തീവ്ര പുനഃപരിശോധനയിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് 'ഇൻഡ്യ' മുന്നണി നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലി സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർപട്ടിക പരിഷ്കരണത്തിൽ വ്യാപക വോട്ട് കവർച്ച നടക്കുന്നുവെന്ന് ആരോപിച്ച് ഒക്ടോബർ 12-ന് പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് സുപ്രീംകോടതിയിലേക്ക് 'ഡെമോക്രസി മാർച്ച്' നടത്തിയിരുന്നു. തുടർന്ന് സംയുക്ത ഹരജിയും സുപ്രീംകോടതിയിൽ ഫയൽ ചെയ്തു.

രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് ഒക്ടോബർ 13-ന് ചേർന്ന 'ഇൻഡ്യ' മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള നീക്കങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാനും രാംലീലാ മൈതാനത്ത് റാലി നടത്താനും അന്തിമ തീരുമാനമെടുത്തത്.

ഉത്സവ സീസണിലെ കോടിക്കണക്കിന് രൂപയുടെ കച്ചവട നഷ്ടം ചൂണ്ടിക്കാട്ടി വ്യാപാരികൾ രംഗത്തെത്തിയതോടെ, പ്രതിപക്ഷ നേതൃത്വം റാലിയുടെ തീയതി മാറ്റുമോ അതോ നിശ്ചയിച്ച തീയതിയിൽ തന്നെ മുന്നോട്ടുപോകുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags:    
News Summary - Postpone Nov 1 Ramlila Rally After Diwali: Delhi Traders Seek 20-Min Meet With Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.