പ്രതീകാത്മക ചിത്രം

ട്രെയിനിൽ ഇനി രാത്രി ചാർജിങ് നടപ്പില്ല; മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ രാവിലെ 5 വരെ ഓഫാക്കും

ന്യൂഡൽഹി: ട്രെയിനുകളിലെ രാത്രികാല യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ട്രെയിൻ കോച്ചുകളിലെ ഫോൺ/ലാപ്‌ടോപ്പ് ചാർജിങ് പോയിന്റുകൾ രാത്രി സമയങ്ങളിൽ ഓഫാക്കാൻ ഇന്ത്യൻ റെയിൽവേ കർശന നിർദ്ദേശം നൽകി. പുതിയ ഉത്തരവ് പ്രകാരം രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയുള്ള 6 മണിക്കൂർ സമയം കോച്ചുകളിലെ ചാർജിങ് പോയിന്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. എല്ലാ സോണൽ റെയിൽവേ അധികൃതരും നിയമം ഒരുവിധ ഇളവുകളുമില്ലാതെ നടപ്പാക്കണമെന്ന് റെയിൽവേ ബോർഡ് ഒക്ടോബർ 26ന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനിൽ ചാർജിങ്ങിനായി വെച്ചിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് വൻ അപകട ഭീഷണി ഉയർന്ന സംഭവത്തിന് പിന്നാലെയാണ് റെയിൽവേ ബോർഡ് നിലപാട് കർശനമാക്കിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേക്ക് കീഴിൽ സർവീസ് നടത്തുന്ന മുംബൈ–ഹൗറ മെയിൽ (12809) ഒഡീഷയിലെ ബന്ദമുണ്ഡക്ക് സമീപമെത്തിയപ്പോഴായിരുന്നു അപകടം.

ബി-3 (B-3) എസി കോച്ചിൽ യാത്രക്കാരൻ രാത്രിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന പവർ ബാങ്ക് ചൂടായി പൊട്ടിത്തെറിക്കുകയും കോച്ചിൽ പുക വ്യാപിക്കുകയുമായിരുന്നു. അലാറം മുഴങ്ങിയതിനെ തുടർന്ന് റെയിൽവേ ജീവനക്കാരും ആർ.പി.എഫും ഉടനടി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ ദുരന്തവും ആളപായവും ഒഴിവായി.

യാത്രക്കാർ ഉറങ്ങുന്ന സമയത്ത് ചാർജ് ചെയ്യാൻ വെക്കുന്ന ഫോണുകളോ പവർ ബാങ്കുകളോ ഓവർഹീറ്റ് ആവുകയോ പുക ഉയരുകയോ ചെയ്താൽ ഉടനടി ശ്രദ്ധയിൽപ്പെടാൻ സാധ്യത കുറവാണ്. ഇത് കോച്ചിലാകെ തീ പടരുന്നതിനും വൻ ദുരന്തങ്ങൾക്കും വഴിതെളിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

രാത്രികാലങ്ങളിൽ ചാർജിങ് പോയിന്റുകൾ ഓഫാക്കണമെന്ന ഉത്തരവ് റെയിൽവേ ആദ്യമായി പുറപ്പെടുവിച്ചത് 2014 ജൂൺ 19നാണ്. എന്നാൽ, പല ട്രെയിനുകളിലും ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്ത മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ നിയമം വീണ്ടും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ മിന്നൽ പരിശോധനകൾ നടത്തും. വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു.

റെയിൽവേയുടെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു:

  • രാത്രി 11 മണിക്ക് മുമ്പോ അല്ലെങ്കിൽ യാത്ര തിരിക്കുന്നതിന് മുമ്പോ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പൂർണ്ണമായി ചാർജ് ചെയ്യുക.
  • കേടായ കേബിളുകൾ, ചാർജറുകൾ, വീർത്ത ബാറ്ററിയുള്ള പവർ ബാങ്കുകൾ എന്നിവ ട്രെയിനിൽ ഉപയോഗിക്കരുത്.
  • യാത്രക്കിടെ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് അമിതമായ ചൂടോ, പുകയോ, കരിഞ്ഞ മണമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ട്രെയിനിലെ ആർ.പി.എഫ്/ടി.ടി.ഇ അല്ലെങ്കിൽ റെയിൽവേ ജീവനക്കാരെ വിവരമറിയിക്കുക.
Tags:    
News Summary - Indian Railways Safety Update: Train Charging Points Turned Off From 11 PM to 5 AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.