ഏറ്റവും ഉഷ്ണതരംഗം അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയും; 19.8 ഉഷ്ണതരംഗ ദിനങ്ങൾ
ന്യൂഡൽഹി: ശിശുക്കളിലും മുതിർന്ന പൗരന്മാരിലും ഉഷ്ണതരംഗ ഭീഷണി (ചൂടേൽക്കുന്ന അവസ്ഥ) ഏറ്റവും കൂടുതലുള്ള മുൻനിര രാജ്യങ്ങളിൽ ഇന്ത്യയും. ചൈന, യു.എസ്, റഷ്യ എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ള മറ്റ് രാജ്യങ്ങൾ. ലാൺസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ചിന്റെ പത്താമത് സൂചികാ റിപ്പോർട്ടിലാണ് ഇന്ത്യയ്ക്കും അപായമണി മുഴങ്ങുന്നത്.
ആഗോളതലത്തിൽ, ആകെ ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണം 2024-ലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. മുതിർന്ന പൗരന്മാർക്ക് 15.3 ബില്യൺ പേഴ്സൺ-ഡേയ്സും ശിശുക്കൾക്ക് 2.3 ബില്യൺ പേഴ്സൺ-ഡേയ്സുമാണ് ആ വർഷം ഉണ്ടായത്.(ആളുകൾ ഒരു ദിവസം കഠിനമായ ഉഷ്ണതരംഗം അനുഭവിക്കുന്ന ദിവസങ്ങളുടെ എണ്ണമാണ് പേഴ്സൺ-ഡേയ്സ്. ഓരോ വ്യക്തിയും ഉഷ്ണതരംഗം അനുഭവിക്കുന്ന ദിവസം പ്രത്യേകം പ്രത്യേകമായി കണക്കാക്കും). 2025 ലെ കണക്കുകൾ പ്രകാരം ഉഷ്ണതരംഗത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ ചൂടിന്റെ ആഘാതം ഇപ്പോഴും വളരെ അപകടകരമായ അളവിൽ തന്നെയാണ് തുടരുന്നത് എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഉഷ്ണതരംഗ എക്സ്പോഷറിൽ എക്കാലത്തെയും രണ്ടാമത്തെ ഉയർന്ന വർഷമായിരുന്നു 2025. മുതിർന്ന പൗരന്മാർ 10.8 ബില്യൺ പേഴ്സൺ-ഡേയ്സ് ഉഷ്ണതരംഗത്തിന് വിധേയരായപ്പോൾ, ശിശുക്കൾ അനുഭവിച്ചത് 1.1 ബില്യൺ പേഴ്സൺ-ഡേയ്സ് ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ, 2025-ൽ ഓരോ മുതിർന്ന പൗരനും ശരാശരി 12.8 ഉഷ്ണതരംഗ ദിനങ്ങൾ അനുഭവിച്ചപ്പോൾ, ഓരോ ശിശുവും ശരാശരി 8.7 ഉഷ്ണതരംഗ ദിനങ്ങൾ അനുഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികൾ വേഗത്തിലാകുന്നുണ്ടെങ്കിലും, ആഗോളതാപനത്തിനൊപ്പം എത്താൻ അവയ്ക്ക് കഴിയുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2016-2025 കാലയളവിലെ ഏറ്റവും ചൂടേറിയ വർഷമായ 2023-ൽ മാത്രം, 7,10,000 പേർ അതികഠിനമായ ചൂടേറ്റ് മരിച്ചു. ഇതിൽ 71.5 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമാണ് സംഭവിച്ചത്. മലേറിയ അല്ലെങ്കിൽ എച്ച്.ഐ.വി മൂലം ഉണ്ടായ മരണങ്ങളേക്കാൾ കൂടുതലാണിത്. 2024-ൽ ഇന്ത്യയിൽ ശരാശരി 19.8 ഉഷ്ണതരംഗ ദിനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് കണ്ടെത്തി. ഇതിൽ 6.6 ദിവസങ്ങൾ മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായതാണ്. 2024-ലെ കഠിനമായ ചൂട് കാരണം, പ്രധാനമായും കാർഷിക, നിർമ്മാണ മേഖലകളിൽ 247 ബില്യൺ (2,470 കോടി) തൊഴിൽ മണിക്കൂറുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് കണക്കാക്കുന്നു. ഇത് ഏകദേശം 194 ബില്യൺ ഡോളറിന്റെ (151 ബില്യൺ പൗണ്ട്) സാമ്പത്തിക നഷ്ടത്തിന് കാരണമായി. ഉഷ്ണതരംഗങ്ങൾ ഇന്ത്യക്ക് പുതിയൊരു സംഭവമല്ലെങ്കിലും, ആഗോളതാപനം കാരണം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി അവയുടെ ആവൃത്തിയും തീവ്രതയും സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതികഠിനമായ ചൂടേൽക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വയോധികരിലും കൈക്കുഞ്ഞുങ്ങളിലും പുറംപണികളിൽ ഏർപ്പെടുന്ന തൊഴിലാളികളിലും ഇത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള ശേഷിയെ തകരാറിലാക്കുകയും നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക്, ഹൃദയസംബന്ധമായ ആഘാതങ്ങൾ, മരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.