ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നത് വൈകരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
ഇത്തരത്തിൽ രജിസ്റ്റർചെയ്ത കേസുകളിൽ അന്വേഷണം രണ്ടുമാസത്തിലധികം നീണ്ടുപോകുന്നവ പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് ഉദ്യോഗസ്ഥരായ സാക്ഷികൾക്കും മറ്റു സാക്ഷികൾക്കും സംരക്ഷണവും അവർ കൃത്യമായി വിചാരണസമയത്ത് ഹാജരാകുന്നതും ജില്ല പൊലീസ് മേധാവി ഉറപ്പാക്കണം.
എഫ്.ഐ.ആർ രജിസ്റ്റർചെയ്യുന്ന സമയംതൊട്ട് കോടതിനടപടി പൂർത്തിയാകുന്നതുവരെ ഒാരോ തലങ്ങളിലും കൃത്യമായ മേൽനോട്ടമുണ്ടാകണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം 60 ദിവസം കഴിഞ്ഞും അന്വേഷണം പൂർത്തിയാകാത്ത കേസുകൾ ഒാരോ മൂന്നുമാസം കൂടുമ്പോഴും ജില്ല, സംസ്ഥാന തലങ്ങളിൽ പ്രത്യേകമായി നിരീക്ഷിക്കണം. ആവശ്യമെങ്കിൽ അന്വേഷണം വേഗത്തിലാക്കാൻ ഡി.എസ്.പിമാരെ നിയോഗിക്കണം.
ദേശീയ പട്ടികജാതി-പട്ടികവർഗ കമീഷനിൽനിന്ന് ഉൾപ്പെടെ ലഭിക്കുന്ന കേസുകളിലും മറ്റു കേസുകളിലും അതത് സംസ്ഥാനങ്ങൾ തുടർനടപടി ഉറപ്പാക്കണം. ഇവർക്കെതിരായ അതിക്രമം കൂടുതലായുള്ള സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതിനൊപ്പം മുൻകരുതൽ നടപടികൾ സ്വീകരിക്കണം. വിചാരണ വൈകുന്നത് ജില്ല ജഡ്ജിന്റെ അധ്യക്ഷതയിൽ ജില്ല മജിസ്ട്രേറ്റ്, ജില്ല പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം മാസംതോറും വിലയിരുത്തണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.